Sunday 6 July 2014

Matthew Joseph

ആരെയും കൂസ്സാക്കാത്ത ധിക്കാരിയായ ഒരു ജ്ഞാനിയും കവിയുമാണ് ശ്രീ കൂടൽ. അദ്ദേഹത്തെ രണ്ടു കൊല്ലമായി എനിയ്ക്കറിയാം. ഒരിക്കൽ ടെലിഫോണിൽക്കൂടി  സംസാരിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്ന് കവിതകൾകൊണ്ട് പാരായണം നടത്തി അദ്ദേഹം തന്ന അന്നത്തെ  നല്ല നിമിഷങ്ങളേയും  ഓർക്കുന്നുണ്ട്. പദങ്ങൾ ഇത്ര മനോഹരമായി  നാവിൽനിന്ന് വരുന്നത് എങ്ങനെയെന്നും  അതിശയിച്ചു പോയിട്ടുണ്ട്. അറിവില്ലാത്തവർക്ക് കവികൾ പൊതുവേ ബോറടിയായി തോന്നും. അവർ പറയുന്ന താത്ത്വികത ഗ്രഹിക്കാൻ തൊഴുകൈകളുമായി  പള്ളിയുടെയും ആരാധന ബിംബങ്ങളുടെയും മുമ്പിൽ നിൽക്കുന്നവർക്ക് സാധിച്ചെന്നു വരില്ല.  ഹൃദയമാണ് ദേവാലമെന്ന അവൻറെ വാക്കുകൾക്ക് പള്ളിയിലെ ധൂപക്കുറ്റികൾ വില കൽപ്പിക്കില്ല. കുന്തിരിക്കം പുകച്ചാൽ ക്രിസ്തുവിനെ വിറ്റുകൊണ്ടുള്ള  നേർച്ച പെട്ടികളും  നിറയുന്നത് കാണാം.

പള്ളിയിൽ പോയി വിശുദ്ധ കുർബാന കണ്ട് മെത്രാന്റെ തിരുമോതിരം മുത്തി നടക്കുന്ന ഭക്തർക്ക് ശ്രീ കൂടൽ  ഭ്രാന്തൻ തന്നെയാണ്. ബൈബിളും ഗീതയും ഒരുപോലെ അരച്ചു കലക്കി കുടിച്ചിരിക്കുന്ന ഈ കഷായവസ്ത്രക്കാരന്റെ  ഹൃദയത്തിൽ ആവഹിച്ചിരിക്കുന്ന  ക്രിസ്തു പള്ളിയിലെ  പുരോഹിതന്റെ ക്രിസ്തുവുമായി  സാമ്യം കണ്ടെന്നിരിക്കില്ല. കവിതകൾ മുഴുവനും പുരോഹിതനില്ലാത്ത വചനമയങ്ങളുമാണ്. 

ക്രിസ്തുവെന്നു പറഞ്ഞാൽ കൂടൽ  കടുത്ത ഒരു  യാഥാസ്ഥിതിക ചിന്തകനെപ്പോലെ സംസാരിക്കും.   വചനത്തിനപ്പുറം ഒരു വരിപോലും വിട്ടുവീഴ്ചക്ക് ഈ താടിക്കാരൻ  സമ്മതിക്കില്ല.  ക്രിസ്തു ചൈതന്യം  അദ്ദേഹത്തിന് ലഭിച്ചത് കപടവേഷധാരിയായ പുരോഹിതനിൽ നിന്നല്ല. സ്വയം ഹൃദയത്തിന്റെ വീണയിൽ തനതായി പാടിവന്നതാണ്. ക്രിസ്തുവിനെ മനസിലാക്കണമെങ്കിൽ ഭാരതീയ വേദ ഗ്രന്ഥങ്ങളും ചികയണമെന്ന്  കൂടൽ  പറയുന്നു. ക്രിസ്തുവും കൃഷ്ണനും വേദങ്ങളും  ഗ്രഹിക്കാൻ സാധിക്കാത്ത ബ്രഹത്തായ ഒരു ഗ്രന്ഥപ്പുരപോലെയാണ്.   പ്രപഞ്ച സൃഷ്ടാവായ ദൈവം വെറും അപ്പത്തിൽ നാക്കിന്റെ അറ്റത്തിലല്ലെന്നു കൂടൽ പറയുന്നു. അത് പർവത നിരകളും ഗ്രഹഗ്രഹാങ്ങളും യുഗങ്ങളും അപ്പുറത്താണ്.

വിശ്വാസിയുടെ പണം തട്ടിയെടുത്ത് സുഖ ജീവിതം നടത്തുന്ന  പുരോഹിത ആഢംബര  പ്രഭുക്കളുടെ ഇന്നത്തെ സ്ഥിതിവിശേഷം  മദ്ധ്യകാല  മാർപ്പാപ്പമാരുടെതിൽനിന്നും  വ്യത്യസ്തമല്ല.   സ്വന്തം അയൽക്കാരനെ സ്നേഹിക്കാതെ കഴുത്തിൽ സ്വർണ്ണ കുരിശും ധരിച്ച് വിശ്വാസിയെ വഞ്ചിച്ചു നടക്കുന്നവൻ ക്രിസ്തുവിനെ എങ്ങനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. കോടി രൂപ വില വരുന്ന കാറിലും സഞ്ചരിച്ച് ലക്ഷംരൂപാ കാറിന്റെ  നമ്പർ  പ്ലേറ്റിൽ ചിലവാക്കി  കുർബാനപണം ധൂർത്തടിച്ചു ജീവിക്കുന്ന ഈ  വിചിത്ര മനുഷ്യർ  കാലത്തിനും അധികപറ്റാണ്.കൂടലിന്റെ കവിതയിൽ  ഇടി മുഴങ്ങുംപോലെ  ഇതെല്ലാം പാടിയിട്ടുണ്ട്.  

നൂറു കണക്കിന് പുരോഹിതരെയും മെത്രാന്മാരെയും കൊണ്ട് അദ്ദേഹത്തിൻറെ ഫേസ് ബുക്ക് നിറഞ്ഞിരിക്കുന്നതും കാണാം. അവരെല്ലാം കയ്യപ്പാസിന്റെയും യൂദാസ്സിന്റെയും  ആൾരൂപങ്ങളെന്ന്   പച്ചയായി  കൂടൽ  പറയുമ്പോൾ മരുഭൂമിയിൽ പുലിത്തോലും ധരിച്ച് കാട്ടു കനികളും ഭക്ഷിച്ചു നടന്ന സ്നാപകന്റെ ശബ്ദമാണോയെന്ന് തോന്നിപ്പോവും. കൂടലെന്ന  കവി   ഒരു പ്രഭാഷകനുംകൂടിയാണ്. ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന പത്ര മാദ്ധ്യമ ങ്ങളുടെയും ടെലിവിഷൻ മീഡിയാകളുടെയും  ഒരു നിര തന്നെയുണ്ട്. ചാൻസലർ വെത്താനത്തെ പോലുള്ള പള്ളി വേതാളങ്ങൾക്ക് അദ്ദേഹം പറയുന്നത് രസിച്ചെന്നിരിക്കില്ല.  


ഡോക്ട്ടർമാരായ   മക്കളും മരുമക്കളും അടങ്ങിയ  സന്തുഷ്ടമായ ഒരു കുടുംബം അദ്ദേഹത്തിനുണ്ട്. കുടുംബം നശിപ്പിക്കാൻ വരുന്ന പുരോഹിതരെ വീട്ടിൽ അടുപ്പിക്കരുതെന്നും കൂടൽ പറയാറുണ്ട്.  പുറം നാടുകളിൽ  വലിയ ഉദ്യോഗങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം  ഒച്ചപ്പാടുകൾ  നടത്തുന്ന ഈ മനുഷ്യനെ പുരോഹിത  മെത്രാൻ ലോകത്തിന് ഇഷ്ട മാണെന്നു  വേണം മനസിലാക്കാൻ. കാരണം അവരുടെ കുപ്പായത്തിലെ  വിളിച്ചു പറയാൻ സാധിക്കാത്ത സത്യങ്ങൾ  വിശ്വ വിഖ്യാതമായ അദ്ദേഹത്തിൻറെ കവിതാസമാഹാരമായ അപ്രിയ ഗാങ്ങളിൽ ഉണ്ട്. ആ കവിതകൾ പുറമേ അപ്രിയമെന്ന് തോന്നുമെങ്കിലും അഭിഷിക്തർ അങ്ങനെ അഭിനയിക്കുമെങ്കിലും  സത്യത്തിന്റെ കൈത്തിരികൾ അവരുടെ ഹൃദയങ്ങളിൽ എരിഞ്ഞുതീർന്നുകൊണ്ടിരിക്കുന്നു. ഈ കവിതകൾ അവർക്കും ഒരു സ്വയം ഉയർപ്പാണ്.  ആത്മാവിന്റെ അനുഭൂതികൾക്കും ഉണർവ്  ഉണ്ടാക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും  ശ്രീ കൂടലിന് നേർന്നുകൊള്ളട്ടെ.

No comments:

Post a Comment

Note: only a member of this blog may post a comment.