Monday 10 October 2016

അല്മായശബ്ദം: സാമുവലിന്റെ സുവിശേഷം (പുസ്തക അഭിപ്രായം)

അല്മായശബ്ദം: സാമുവലിന്റെ സുവിശേഷം (പുസ്തക അഭിപ്രായം): ജോസഫ് പടന്നമാക്കൽ  ശ്രീ സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ കാണുന്നവർക്ക് ചരിത്രത്തില...

ആനന്ദാവതാരിക

സാമുവലിന്റെ സുവിശേഷം

ജോസഫ് പടന്നമാക്കൽ
ശ്രീ
സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ
കാണുന്നവർക്ക് ചരിത്രത്തിലെ നാലു സുവിശേഷകരെക്കൂടാതെ അഞ്ചാമതൊരു സുവിശേഷകൻ
ഉണ്ടായിരുന്നുവെന്നും കാലത്തിന്റെ ജൈത്രയാത്രയിൽ ആ സുവിശേഷം എവിടെയോ
ഒളിഞ്ഞിരുന്നതായും തോന്നിപ്പോവും.  ഈ പുസ്തകത്തിൽ പ്രേമമുണ്ട്. ചിരിയും
കളിയും തമാശകളുമുണ്ട്. അതോടൊപ്പം കാര്യങ്ങളും വിവരങ്ങളും വളരെ തന്മയത്വമായി
വിവരിച്ചിരിക്കുന്നു.  ത്യാഗത്തിന്റെ മഹനീയത ഉയർത്തി കാണിക്കുന്നു. യേശു
ഭഗവാനെ ഒരു പുതിയ കാഴ്ചപ്പാടിൽ ദർശിക്കാനും സാധിക്കും. മതാന്ധതയെയും
പൗരാഹിത്യത്തെയും ദയയില്ലാതെയാണ് വിമർശിച്ചിരിക്കുന്നത്. ഒരു
സത്യാന്വേഷിയ്ക്ക് സത്യത്തെ തിരിച്ചറിയാൻ ഈ സുവിശേഷകന്റെ പുസ്തകത്താളുകൾ
 ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അവിടെ സനാതന ധർമ്മങ്ങളുടെയും
ഉപനിഷത്തുക്കളുടെയും സത്തയുമുണ്ട്. ഗീതയും ബൈബിളും ഉൾക്കൊണ്ടുള്ളതായ ഭാരതീയ
കാഴ്ചപ്പാടുകളിൽക്കൂടിയാണ് ഗ്രന്ഥകാരൻ തന്റെ തൂലികകൊണ്ട് മഹനീയമായ ഈ
പുസ്തകം  നെയ്തുണ്ടാക്കിയിരിക്കുന്നത്.

അനുഗ്രഹീതനായ ഒരു കലാകാരനും
കവിയും സാഹിത്യകാരനുമാണ്‌ ശ്രീ കൂടൽ. അല്മായ ശബ്ദത്തിലെയും
സത്യജ്വാലയിലെയും പ്രിയങ്കരനായ ഒരു എഴുത്തുകാരനെന്ന നിലയിലാണ് ഞാൻ
അദ്ദേഹത്തെ കൂടുതലും അറിയുന്നത്. 'സാമുവലിന്റെ സുവിശേഷമെന്ന' കൃതിയിൽക്കൂടി
ഒരു കവിയുടെ സരള ഹൃദയവും സാഹിത്യകാരന്റെ വിശാലമനസും വിമർശകന്റെ അക്രോശവും
സഹൃദയരിൽ ആഴമായി ദൃശ്യമാവുന്നതും കാണാം. അദ്ദേഹം പാടുന്ന ഒരു
ഗായകനുംകൂടിയാണ്.  ഇമ്പമേറിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂറ്റ്യൂബിൽ
ശ്രവിക്കാം. സംഗീതപ്രേമിയും ഡോക്ടറുമായ തന്റെ മകനുമൊത്തുള്ള മനോഹരങ്ങളായ
പാട്ടുകളും റിക്കോർഡ് ചെയ്തിരിക്കുന്നതു  കേൾക്കാം.  

മോശയ്ക്ക്
പത്തു പ്രമാണങ്ങൾ ദൈവം സീനായ് മലയിൽ വെച്ച് നൽകിയെന്നാണ് കാൽപ്പിത മതങ്ങളായ
യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമികൾ വിശ്വസിക്കുന്നത്. എന്നാൽ സാമുവൽ പ്രവാചകന്
വെറും രണ്ടു പ്രമാണങ്ങളേയുള്ളൂ. ഒന്നാമത്തെ പ്രമാണം നീ പുരോഹിതന് പണവും
കാഴ്ചവസ്തുക്കളും നൽകിക്കൊണ്ട് പള്ളിയിൽ പോകരുത്. അവിടെ നീ തേടുന്ന
ക്രിസ്തുവിനെ കാണില്ല. രണ്ടാമത്തേത് ക്രിസ്തുവചനമായ 'ഞാൻ നിങ്ങളെ
സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ' എന്നതുമാണ്.

മനുഷ്യജാതിയുടെ
ക്ഷേമത്തിനും സത്യത്തിന്റെ നിലനിൽപ്പിനും ലോകത്തിന്റെ സ്ഥിരതയ്ക്കും
ധർമ്മം കൂടിയേ തീരൂ. കാലങ്ങൾ കടന്നുപോവുമ്പോൾ ധർമ്മം ക്ഷയിക്കും.
ധർമ്മത്തിനെതിരെ അധർമ്മം വാഴും. അനിയന്ത്രിതമായി അധർമ്മം ധർമത്തെ
നാശത്തിലേക്ക് നയിക്കുമ്പോൾ ഞാൻ വീണ്ടുമുണർന്ന് ധർമ്മത്തെ രക്ഷിക്കാനായി
വരുമെന്നാണ് ഗീതയിൽ പറഞ്ഞിരിക്കുന്നത്. നീതിയുടെ ത്രാസ് വഹിക്കുന്ന
നീതിമാന്മാർ അപ്രത്യക്ഷരാവുകയും അനീതിയുടെ പ്രവാചകർ ഉയർത്തെഴുന്നേൽക്കുകയും
ചെയ്യുമ്പോൾ ധർമ്മം നിലനിർത്താൻ ഞാൻ വീണ്ടും പുനരവതരിക്കും. കലിയുഗത്തിലും
അവതാര മൂർത്തിയുടെ സന്ദേശ മുന്നോടിയായിട്ടാണ് സാമുവൽ  തന്റെ പ്രവാചക
ദൗത്യം നിർവഹിക്കുന്നത്.

"യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം"

'ഹേ
അർജുനാ എവിടെ ധർമ്മാചരണത്തിന്‌ ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു
വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.' കൃഷ്ണനു ശേഷം ബുദ്ധൻ വന്നു,
ക്രിസ്തു വന്നു. അജ്ഞരായവരുടെ മീതെ കൊള്ളിമിന്നൽ പോലെ ദൈവികപ്രഭ
ആഞ്ഞടിച്ചുകൊണ്ട് അവർ അമര്‍ത്യതയിലെത്തി.  നാമിന്നു കടന്നുപോവുന്നതു
കലിയുഗത്തിന്റെ ഏറ്റവും പൈശാചികമായ കാലഘട്ടത്തിൽക്കൂടിയാണ്.
സനാതനത്തിൽക്കൂടി യുഗയുഗങ്ങൾകൊണ്ട് പരിവർത്തന വിധേയമായ  ഹിന്ദുമതം ഒരു
മതമല്ല. അത് ജീവിതത്തിലേക്കുള്ള വഴികളാണ് കാണിച്ചുതരുന്നത്. ധർമ്മ
തത്ത്വങ്ങൾ നിറഞ്ഞിരിക്കുന്ന ഭാരതമണ്ണിലേക്കാണ് പൗരാണികമായ ഒരു
സംസ്ക്കാരത്തെ പരിഹസിച്ചുകൊണ്ട് പുരോഹിത മതങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്.
വീണ്ടും സനാതനം പുണരാൻ സാമുവലെന്ന  തത്ത്വജ്ഞാനി തന്റെ സുവിശേഷത്തിൽക്കൂടി
ആഹ്വാനം ചെയ്യുന്നുണ്ട്.

ലോകത്തിന്റെ സർവ്വ നാശങ്ങൾക്കും കാരണം
പുരോഹിത മതങ്ങളാണ്. പൗരാഹിത്യത്തോട് സന്ധിയില്ലാസമരം ചെയ്തുകൊണ്ട് ഭാരതീയ
മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മഹത് വ്യക്തികൂടിയാണ് ശ്രീ
കൂടൽ. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ ഗീതയും ബൈബിളും ഹൃദയത്തോട്
അദ്ദേഹം അടുപ്പിച്ചിരിക്കുന്നു. മനസു നിറയെ നന്മ നിറഞ്ഞവർക്കേ ഞാനും
പിതാവും ഒന്നാണെന്നുള്ള സത്യത്തെ, ക്രിസ്തു വചനത്തെ തിരിച്ചറിയാൻ
സാധിക്കുള്ളൂ. സത്യവും ധർമ്മവും ഉൾപ്പെട്ട ഹൃദയമാണ് എന്റെ ദേവാലയമെന്ന്
സാമുവലിന്റെ സുവിശേഷവും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.

ജീവന്റെ
തുടിപ്പിൽ  ഈ പ്രപഞ്ചശക്തിയിൽ ജീവിക്കുന്നവരായ നാം ദൈവിക പ്രഭയേറിയ  
വെറുമൊരു പരമാണു മാത്രമാണ്. കഠിനമായ യാതനകളിൽക്കൂടിയും
അദ്ധ്വാനങ്ങളിൽക്കൂടിയും ആത്മത്തെ കണ്ടെത്തുമ്പോൾ  ഒരുവൻ 
ദൈവമാകുന്നുവെന്നാണ് ഈ തത്ത്വജ്ഞാനി വിശ്വസിക്കുന്നത്. സത്യം
കണ്ടുപിടിക്കുന്നവൻ ഒരു തീർത്ഥാടകനെപ്പോലെ പരമാത്മാവിൽ ലയിക്കാനലയുകയും
ചെയ്യണം. യേശു ആത്മത്തെ മനസിലാക്കിയ ദിവ്യപ്രഭയോടെയുള്ള ദൈവമായിരുന്നു.
നൂറു കണക്കിന് സനാതനികൾ ആ തീർത്ഥജലം പാനം ചെയ്തവരാണ്. ഇന്ന് പൗരാഹിത്യം
ആത്മീയ മേഖലകൾ മുഴുവൻ കയ്യടക്കി വിഷപ്പുക നിറച്ചിരിക്കുന്നു. അതിൽ കൂടലെന്ന
കവിയുടെ വിലാപവും ഈ സുവിശേഷ ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നുണ്ട്.

ദേവാലയങ്ങളിൽ
പോകരുതെന്നുള്ള കാരണങ്ങൾ ഈ പുസ്തകത്തിലുടനീളം ഗ്രന്ഥകാരൻ
വിവരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിപ്ലവകാരിയുടെ ആവേശത്തോടെയാണ്
അദ്ദേഹം തന്റെ പ്രവാചക ശബ്ദം പുറപ്പെടുവിച്ചിരിക്കുന്നത്. പടക്കളത്തിൽ
പൊരുതുന്ന ഒരു ആത്മീയ പടയാളിയുടെ വീര്യവും അദ്ദേഹത്തിൻറെ തൂലികയിൽ
ലയിച്ചിരിക്കുന്നു.  ഗീതയും ബൈബിളും മാറോടു വെച്ചുകൊണ്ട് യേശുവിന്റെ വഴിയും
സത്യവുമാണ് അദ്ദേഹം തേടുന്നതും. ദേവാലയം കച്ചവടസ്ഥലമാക്കരുതെന്നുള്ള യേശു
ക്രിസ്തുവിന്റെ വചനങ്ങൾ പുരോഹിത ലോകം ധിക്കരിക്കുന്നതും സാമുവൽ കൂടലിനെ
കുപിതനാക്കുന്നു. യേശു പറഞ്ഞതിനെ ഗൗനിക്കാതെ നാടു മുഴുവൻ ദേവാലയങ്ങൾ
വ്യവസായവൽക്കരിച്ചിരിക്കുന്നതും കാണാം. അവർക്കുനേരെ ചാട്ടവാറു
പിടിച്ചിരിക്കുന്ന യേശുവിന്റെ ധർമ്മവീര്യം പോലെ സാമുവലിന്റെ  രോഷം മുഴുവൻ
തന്റെ സുവിശേഷമൊന്നാകെ  പ്രകടിപ്പിച്ചിട്ടുണ്ട്. പൗരാഹിത്യമെന്നുള്ളത് യേശു
സ്ഥാപിച്ചതല്ല. പൗരാഹിത്യത്തിനെ കടിഞ്ഞാണിട്ടിരിക്കുന്നവർ സഭയുടെ
സ്വത്തുക്കൾ മുഴുവനായി കയ്യടക്കി വെച്ചിരിക്കുന്ന ദുരവസ്ഥയാണ് വർത്തമാന
ലോകത്തിൽ നാം കാണുന്നത്. അല്മായന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ സ്വത്തുക്കൾ
കൊള്ളമുതലുപോലെ പുരോഹിതന്റെ നിയന്ത്രണത്തിലാണ്. വീണ്ടും പണം കൊള്ളയടിച്ചും
വ്യപിചാരവും പ്രകൃതി വിരുദ്ധതയും ചെയ്തും സഭയാകെ പുരോഹിതവർഗം ദുഷിപ്പിച്ചു
കഴിഞ്ഞു. ഇനി സഭയെ കര കയറ്റുകയെന്നുള്ളത് ഒരു വിദൂര സ്വപ്നമായിരിക്കും.

ക്രിസ്ത്യൻ
സഭകളിലെ ഒരു കൂട്ടരെ ശുദ്ധരക്തവാദത്തിന്റെ പേരിൽ പള്ളികളിൽനിന്നും
 പുറത്താക്കുകയും മാതാപിതാക്കളെ മക്കൾക്കെതിരെയും മക്കൾ
മാതാപിതാക്കൾക്കെതിരെയും ചേരിതിരിപ്പിക്കുകയും തല്ലു പിടിപ്പിക്കുകയും
ചെയ്യുന്നു. സാമുവൽ  ഇവിടെ പറയുകയാണ്, "സഹോദരരേ, നിങ്ങൾ പള്ളിയിൽ
പോകരുതെന്ന് എത്രയോ പ്രാവിശ്യം ഞാൻ നിങ്ങളോടു പറഞ്ഞു.നിങ്ങൾ കേട്ടില്ല. 
എന്റെ ഒന്നാമത്തെ വചനമനുസരിക്കൂ"!!! പ്രവാചകനിവിടെ അദ്ദേഹത്തിൻറെ വാക്കുകളെ
ശ്രവിക്കാത്ത ജനത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. 'എന്റെ വാക്കുകൾക്ക്
വിലകല്പ്പിക്കാത്ത കാലത്തോളം സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും.
ലോകത്ത് അസമാധാനവുമുണ്ടാകും.'

സഭ മാറി വിവാഹം കഴിച്ചതിന്റെ പേരിൽ
സമൂഹം അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെ കൂടലെന്ന കവിയുടെ ഹൃദയം
വേദനിക്കുന്നത് കാണാം. സാമുവൽ പ്രവാചകന്റെ രണ്ടു പ്രമാണങ്ങൾ അവർ മറന്നതാണ് ഈ
ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. 'സ്നേഹമറ്റുപോയ ഭവനമേ നിങ്ങൾ
വെള്ളയടിച്ച കുഴിമാടങ്ങളായ കപട പുരോഹിതർ വസിക്കുന്ന പള്ളികളിൽ
പോവുരുതേയെന്നും അവർക്ക് കാണിക്കാ കൊടുക്കരുതേയെന്നും നിങ്ങളോടു പറയുകയും
ചെയ്തിരുന്നു. നിങ്ങൾ ശ്രവിച്ചില്ല. ഞാൻ നിങ്ങളോടു കൽപ്പിച്ച സ്നേഹമെവിടെ?
പരസ്പ്പരം സ്നേഹിക്കുന്നതിനുപകരം നിങ്ങൾ പുരോഹിതരുടെ വാക്കുകൾ വിശ്വസിച്ചു.
ഇത് കലിയുഗമെന്നും ദുഷിച്ച സമൂഹത്തെ പുനഃരുദ്ധരിക്കാൻ പ്രവാചകർ വീണ്ടും
വീണ്ടും ജനിക്കുമെന്നും' ഗീതയിൽ പറയുന്ന വചനങ്ങൾ ശ്രീ കുടലിൽ ഇവിടെ
യാഥാർഥ്യമാവുന്നുമുണ്ട്.

 വിജ്ഞാന തൃഷ്‌ണ ഉണർത്തുന്ന അനേക വിവരങ്ങൾ ഈ
പുസ്തകത്തിൽ സരളമായി വിവരിച്ചിട്ടുണ്ട്. സഭയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട്
സഭയിൽനിന്നു പിരിഞ്ഞുപോയ പുരോഹിതരുടെ സംഘടനകൾ,  ഫ്രാൻസീസ് മാർപ്പായുടെ
വിപ്ലവ മുന്നേറ്റങ്ങൾ, അനിത എന്ന യുവകന്യാസ്ത്രിയെ ഇറ്റലിയിൽ നിന്നും
പാതിരായ്ക്ക് ഇറക്കി വിട്ട കഥ, അവർക്കുള്ള നഷ്ടപരിഹാരം നേടിയെടുത്ത കെ.സി.
ആർ. എം.സംഘടനയുടെ  വിജയകരമായ  പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതും ഈ
പുസ്തകത്തിൽ നിന്നും വായിച്ചറിയാൻ സാധിക്കും. പുരോഹിതരും അഭിഷിക്തലോകവും
എത്രമാത്രം കാലഹരണപ്പെട്ട പഴഞ്ചനാശയങ്ങൾ അല്മെനികളിൽ
അടിച്ചേൽപ്പിക്കുന്നതറിയാൻ  ഒരാവർത്തിയെങ്കിലും ഈ പുസ്തകം വായിക്കണം.
സത്യത്തിന്റെ നിജസ്ഥിതികൾ വായനക്കാർക്കു മനസ്സിലാക്കാനും വിലയിരുത്താനും
സാധിക്കും.   അല്മായർ മാത്രമല്ല പുരോഹിതലോകമൊന്നടങ്കം ഈ സുവിശേഷ താളുകൾ
മറിച്ചുനോക്കാനും താത്പര്യപ്പെടുന്നു. എന്റെ പ്രിയ സുഹൃത്തായ ബഹുമാനപ്പെട്ട
സാമുവൽ കൂടലിനു എല്ലാവിധ ആശംസകളും നേരട്ടെ. അദ്ദേഹം പ്രകാശിപ്പിച്ച നവമായ ഈ
സുവിശേഷ വചനങ്ങൾ ലക്ഷോപലക്ഷം ജനങ്ങളിൽ ചൈതന്യമുണർത്തട്ടെ, തൂലിക
ശക്തമായിത്തന്നെ ഈ ജ്ഞാനിയിൽ എന്നുമെന്നും  ഉത്തേജിപ്പിക്കാൻ  ദീർഘായുസും
നേരുന്നു.  ആരെയും കൂസാക്കാതെ ഭീഷണികൾക്കൊന്നും വഴങ്ങാതെ ചങ്കുറപ്പോടെ
സഭയുടെ ഉച്ഛനീചത്വങ്ങൾക്കെതിരായി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന ഈ
സുവിശേഷകനിൽ അഭിമാനിക്കുകയും ചെയ്യുന്നു.

No comments:

Post a Comment

Note: only a member of this blog may post a comment.