Sunday 24 December 2017

''നാറുന്ന കരോൾ ഗാനം'' 

ക്രിസ്തു ജനിച്ചെന്നാരോതി? 

മേലേ മാലാഖമാരാദ്യമോതി,
ആ ദിവ്യതാരമതോതി, പിന്നെ 
ശാസ്ത്രിമാർ മൂവരുമോതി !

ആ രാത്രി ഇന്നുമോർത്തീടാൻ ,

കാലം ആ ജന്മമോർത്തുല്ലസിക്കാൻ,
ആഘോഷമായി നാം മേവും 
രാവിൽ ആനന്ദരായ് കുളിർ ചൂടി ! 

മാലാഖമാർ തൂകും സ്നേഹം , 

അവർ വാഴുന്ന വീടിന് വിശുദ്ധി ,
താരകമ്പോലാത്മശോഭ 
കരൾക്കാമ്പിലുള്ളോർ കരോൾ പാടൂ !

ദേവാധിദേവന്റെ താഴ്മ ഇങ്ങു 

കാലിത്തൊഴുത്തോളമല്ലോ?
തെമ്മാടികൾക്കെന്തു കാര്യം 
മണ്ണിൽ ഇമ്മാനുവേൽ വന്നതോർക്കാൻ ?

നാട്ടിൻപുറങ്ങളിൽ വ്യാജൻ ,

നാഗരാന്തരേ വിസ്ക്കിയും ജിന്നും 
മത്തരാക്കീടുന്നിവരെ ;
കാരോൾപാട്ടിനോ നാറുന്നൊരീണം !! 

കോലാഹലം രാവു പെയ്തു , 

കരോൾപാർട്ടി കവർച്ച ചെയ്യുന്നു ! 
പൊന്നേശുവിന് പിറന്നാളിൽ 
കണ്ണിൽ കണ്ടൊരെ ഈ നീചർ തല്ലി!! 

രാത്രിക്കുര്ബാനയ്ക്കു പോകാൻ 

ജനം പേടിച്ചു വീട്ടിലൊതുങ്ങി !
അച്ചോ , നമുക്കെന്തു പറ്റി? 
മെത്രാച്ചോ, നമുക്കെന്തു പറ്റി?

ദേവാധിദേവന്റെ താഴ്മ ഇങ്ങു 

കാലിത്തൊഴുത്തോളമല്ലോ!?
ആത്മാവിൽ ദാരിദ്ര്യമുള്ളോർ 
നാഥനായിരം താരാട്ടു പാടൂ;
ആത്മാവിൽ ദാരിദ്ര്യമുള്ളോർ 
ഉണ്ണിക്കായിരം താരാട്ടു പാടൂ;... 

samuelkoodal      mob  9447333494 

No comments:

Post a Comment

Note: only a member of this blog may post a comment.