Monday 26 March 2018


കലഞ്ഞൂരിനെ കണ്ണീരൊഴുക്കിച്ച ദാസേട്ടാ, പ്രണാമം !

ഗാനഗന്ധർവൻ ഇക്കുറി ''ഭക്തിഗാനഗന്ധർവനായി'' തൃക്കലഞ്ഞൂരപ്പനു നിവേദിച്ച ഭക്തിഗാനസുധ നുകർന്ന് പതിനായിരങ്ങൾ പള്ളിവേട്ടനാളിൽ കലഞ്ഞൂരില്‍ കണ്ണീരൊഴുക്കി!

''ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ" എന്ന ഗാനം ആ സ്വരഗാംഗയിൽ നിന്നും ഒഴുകിയപ്പോൾ, മുന്നിലിരുന്നു ഞാൻ അറിയാതെ കരഞ്ഞുപോയി! ചെറിയ ചള്ളലോടെ ചുറ്റും ഞാനറിയാതൊന്നു നോക്കിയപ്പോൾ, കണ്ണീരു തുടയ്ക്കുന്ന കൈകളായിരുന്നു എന്റെ ചുറ്റിലും ! പണ്ടത്തേതിലുമധികം ഭക്തിയിൽ സ്വയമലിഞ്ഞു ഇല്ലാതെയാവുന്ന ''ദാസേട്ടന്റെയഹം ബ്രഹ്മമാണ്'', സംശയമില്ല! കർത്താവ് പറഞ്ഞ ''കേൾപ്പാൻ ചെവിയുള്ളവരുടെ'' കാലാന്തരത്തോളമുള്ള സ്വത്തിനെ പ്രഭചേച്ചി സ്വന്തമാക്കി ധന്യയുമായി! ധന്യേ ,മാതാവേ, പ്രണാമം!

ദാസേട്ടനെന്ന യുവാവിനെ വെല്ലുന്ന സ്വരനിഷ്ഠ തന്റെ എഴുപതുകളിലും മെച്ചമായി മെച്ചമായി കാത്തുസൂക്ഷിക്കുന്ന അങ്ങയുടെ 
ജീവചൈതന്യത്തെ കാലം വണങ്ങുന്നു, എന്നോടൊപ്പം! കലഞ്ഞൂരേ,നീ ഭാഗ്യവതി... കൂടല്‍. 
-----------------------------------------------------------------------------------

കുരുത്തോലയ്ക്കു പകരം പ്ലേയ്ക്കാർഡുകൾ!

ഇന്നലെ ഓശാനനാളിൽ പള്ളികളിലാകെ കുഞ്ഞാടുകളുടെ കൈകളിൽ കുരുത്തോലയ്ക്കു പകരം, സാത്താൻ ബാധിച്ച പൗരോഹിത്യത്തിനെതിരെ പ്ലേയ്ക്കാർഡുകൾ!കാലമേ,നിനക്കഭിനന്ദനം! അടുത്ത ''കുരുത്തോലപ്പെരുനാളിനു പള്ളിയിൽ പോയ്‌വരും കുഞ്ഞാറ്റക്കുരുവികൾക്കും'' കാണാൻ, കുഞ്ഞാടുകളുടെ കയ്യിൽ ''കയറുകൊണ്ടുണ്ടാക്കിയ ചമ്മട്ടികൾ'' കാണാതിരുന്നാൽ കത്തനാരുടെ മഹാഭാഗ്യം! "കാലം കുഞ്ഞാടുകളുടെ അകക്കണ്ണ് തുറന്നതിനാൽ "അവന്റെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകാൻ" ഇനിയും താമസമില്ലധികം!

''കഴുതമേലേറിയോനെ കളിയാക്കാൻ''പള്ളിയിൽ കൂദാശക്കച്ചവടത്തിനു മെഴ്‌സിഡീസിൽ ഒഴുകി വരുന്ന കണ്ണഞ്ചിപ്പിക്കുന്ന ആർഭാട കളർളോഹകളെക്കണ്ടു, ''വിനയമില്ലാത്തരേ, നിങ്ങള്ക്ക് ഹാ കഷ്ടം'' എന്ന് ആടുകൾ ഓശാനശീലുകൾക്കൊപ്പം നാളെ പാടാതിരുന്നാൽ ഏറെ നന്ന്!

പൗരോഹിത്യ പാസ്റ്റർ സർപ്പസന്തതികളേ, മാനസാന്തരപ്പെടുവിൻ... samuelkoodal ൯൪൪൭൩൩൩൪൯൪

No comments:

Post a Comment

Note: only a member of this blog may post a comment.