Saturday 26 May 2018

ലോകമേ, ഗീത പാടൂ..

ത്രേതായുഗത്തിലാ ബിസിയിൽ ഭാരതം
ലോകത്തിനാകെ അറിവരുളും
ശാസ്ത്ര പഠന ശാലയായിരുന്നുപോൽ,
തക്ഷശില-നളന്ദാ പേരിലായ്! 

നാനാവിധ ജ്ഞാനമേറുവാൻ ജ്ഞാനികൾ 
മാമുനിചാരേയണഞ്ഞ കാലം
വേദം പഠിക്കുവാൻ മാനസാഴങ്ങളിൽ 
നീന്തുവാൻ ഭാരതം തേടി ലോകം! 

''പന്ത്രണ്ടിലെത്തിയോൻ മുപ്പതാകും വരെ
എപ്പോഴെവിടെ എന്തായിരുന്നു ?''
എന്ന് പറയുവാൻ ബൈബിളിൽ യേശുവിന്   
പുണ്യ ചരിതങ്ങൾ ഏതുമില്ല!  

ഭാരതം തന്നിലെ ജ്ഞാനമാം സാഗരേ
യേശുവും നീന്തിത്തുടിച്ചുപോലും; 
ഉപനിഷത്ത്തോതിയ വേദാന്ത സൂക്തങ്ങൾ
നസറായൻ നാവിൽ നിറച്ചു നന്നായ്!

മൂഢമാം പൈതൃകാനുഷ്ഠാനാരാധന 
ആകെയവൻ മാറ്റി, പാഴ്‌നിയമം;
''പുത്തനാം സിദ്ധാന്തമാണിതെന് കല്പന, 
കേൾക്കുവാൻ കാതുള്ളോർ കേൾക്കാ'' നോതി!

കളയെക്കൊന്നതിന് മേദസിൽ മോദരായ് 
മേവിയ നീച പുരോഹിതർക്കോ 
വേദാന്ത ശാസ്ത്രവും ജ്ഞാനവുമേറില്ല,
ബറബാസിനെ മതി, യേശു ക്രൂശിൽ! 

ഹിന്ദുമതത്തിന് പുരോഹിതർ ബ്രാഹ്മണർ 
മ്ലേച്ഛരായ് ഞങ്ങളെ കാൺക മൂലം ,
വേദമകലെയായ്, തീണ്ടൽ തൊടീലുമായ്,
എങ്കിലും ജംബറഴിച്ചു കാണാൻ! 

പച്ചയനീതി പൊറുക്കാൻ കഴിയാതെ
പാതിരി മേയ്ച്ച പുതുവഴിയേ
മെച്ചമാം പുൽപ്പുറം തേടുമജങ്ങളെ
പള്ളിവഴക്കിൽ കശാപ്പുചെയ്തു!

ക്രൂശിൽ മരിച്ചോന്റെ മൊഴി തെല്ലും കേൾക്കാതെ
കീശയിൽ കാശേറാൻ ചൂഷകരായ്,
യേശുവിന് സ്നേഹമാം വേദമറിയാത്ത
കോലങ്ങളെന്നും പുരോഹിതന്മാർ!

അവരുടെ കുപ്പായ നിറഭംഗി കരളിന്
കുളിരാക്കി തീയിൽ ശലഭങ്ങൾപോൽ,
തുരുതുരെ തലമുറ കരിയുന്നു, കാലമേ,
ഇനിയുമാ ഗീത നീ പാടൂ വീണ്ടും! 

 samuelkoodal 9447333494

     

No comments:

Post a Comment

Note: only a member of this blog may post a comment.