Wednesday 5 December 2012

പാതിരിപ്പാമ്പ്


 സാമുവല്‍ കൂടല്‍

1. കോപാഗ്നിയില്‍ സ്വയമെരിഞ്ഞെരുശലേം ദേവലയ
കവര്‍ച്ചസംഘത്തെ യേശു മെരുക്കിയില്ലേ?
പള്ളിയെന്നും കള്ളന്മാര്‍ക്കു സങ്കേതമായ് കാണുമിടം
അല്പബുദ്ധി വിശ്വാസികള്‍ തകരുന്നിടം.
2. ഒരു സ്റ്റെണ്‍ഗണ്‍ മശിഹായക്കു കരഗതമായെന്നാലോ
കയ്യഫയാം കര്‍ദ്ദിനാളും മെത്രാന്‍ പാസ്റ്ററും 
ഇടനെഞ്ചില്‍ തുരുതുരെ വെടിയേറ്റു മൃതിപൂകും
സ്വയം പരിശുദ്ധരായി വിലസിവാണോര്‍.
3. വരും ന്യായം വിധിക്കുവാന്‍ ദൂതരൊത്തു വാനമേഘേ
അതിനു മുമ്പരിശത്തെ സുനാമിയാക്കി;
ദുരിതങ്ങള്‍ ഈജിപ്തിനെ കവര്‍ന്നതു മറക്കല്ലേ
കുരിശിന്‍ മറവില്‍ പകല്‍ക്കവര്‍ച്ച നിര്‍ത്തു.
4. സ്വയമൊന്നു ചിന്തിക്കുവാന്‍ ഇടനല്‍കാഭാഷണങ്ങള്‍
ഉച്ചഭാഷിണി ഭയക്കാനൊച്ചയുമേറ്റി
കാണാപഠിച്ചതിലേറെ ചിട്ട ചെയ്തു കസറുമാ
പ്രസംഗത്തൊഴിലാളികള്‍ നിറഞ്ഞിവിടെ
5. ഏട്ടിലെ ചുരയ്ക്കാ പോലെ ടിവിയില്‍ കുര്‍ബാനകള്‍
ഏവനു നുകരാനാകും പുരോഹിതരേ?
മശിഹതന്‍ തിരുമേനി നുകരുവാന്‍ ടി.വി സ്‌ക്രീനോ,
പെസഹ വിളമ്പാന്‍ മുഴുത്തെല്ലീഡി സ്‌ക്രീനോ?
6. ചിരി! കൊച്ചു കേരളത്തില്‍ ത്രീമൂര്‍ത്തികള്‍ പോലെ മൂന്നു
പരിശുദ്ധ കാതോലിക്കാ കുരിശുയുദ്ധം!
പാല്‍പ്പൊടി കുറഞ്ഞതിനാല്‍ കൂറുമാറിയജങ്ങളാ
റീത്തു വിട്ടു പെന്തക്കോസിന്‍ കൂട്ടിലായിപോല്‍.
7. പാസ്റ്ററുടെ അഭ്യാസമാം കോലാഹലം മടുത്തപ്പോള്‍
കൂറുമാറ്റം നടക്കില്ല, മുറോന്‍ പൂശണം;
പാമ്പിന്‍ പൊത്തില്‍ കയ്യിട്ടപോലായി പാവമച്ചായന്മാര്‍,
അനവിധി കുടുംബങ്ങള്‍ പാസ്റ്റര്‍ വിഴുങ്ങി!
8. ഒരു ഗ്രാമമോര്‍ത്തു നോക്കു, അമ്പത്താറ് ജാതി ഹിന്ദു,
ഒരു ദേവനൊരുക്ഷേത്രം, മഹോത്സവമായ്!
ഇവിടെന്റെ കുഗ്രാമത്തില്‍ ഇരുപത്തിയേഴായ് സഭ
വിരുദ്ധമാമാരാധന വിശ്വാസയുദ്ധം!
9. 'ആ കനി നീ തിന്നെരുതെ'ന്നീശനോതി എന്നാലേശു
'പ്രാര്‍ത്ഥിക്കുവാന്‍ പള്ളിയില്‍ നീ പോകരുതെന്നും';
പാമ്പുചൊന്നു-ഹൗവ്വ തിന്നു, ആത്മഹത്യ! ആദാം തിന്നു
പാതിരിയാപാസ്റ്ററെല്ലാം പാമ്പുകളെന്നും.
10. കലികാല കര്‍ദ്ദിനാളും പാസ്റ്ററും കലഹിച്ചുപോല്‍,
വയറ്റിപ്പാടിനായ് വേഷമണിഞ്ഞുപോയോര്‍!
'ഈശാവാസമിദംസര്‍വ്വം' ഉപനിഷത്തോതിടുന്ന
മൃദുലസ്‌നേഹാത്മതത്ത്വം ശ്രവിക്കിനിമേല്‍.
കലഞ്ഞൂര്‍, 22-03-2012


No comments:

Post a Comment

Note: only a member of this blog may post a comment.