Thursday 6 December 2012

പൂര്‍ണ്ണത

  സാമുവല്‍ കൂടല്‍
1. പാപമാലിന്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായ് 
മോചിതനേകനാണേശുനാഥന്‍!
അവനല്ലാതൊരുവനും പരിശുദ്ധനില്ലിതു
സത്യം, ക്രിസ്തീയ വിശ്വാസസത്യം!
2. ഇതു പാടേ മറികടന്നിടയരില്‍ കേമനെ
പരിശുദ്ധനെന്നു സ്തുതിക്കുവോരേ,
പരിശുദ്ധിക്കെന്താണു മാനദണ്ഡമോതു
ഹൃദയശുദ്ധി വേണ്ടേ പരിശുദ്ധന്?
3. പൂര്‍ണ്ണത ദൈവീകമാണതു വൈദിക 
പൂര്‍ണ്ണമാം പുങ്കത്തരമല്ല, കേള്‍;
കാലുപിടുത്തവും വോട്ടുയാചിക്കലും
സ്ഥാനമാനക്കൊതീം പൂര്‍ണ്ണനാമോ?
4. വോട്ടുയാചിക്കുവോന്‍ യാചകനാണെന്നും,
തോറ്റാലും വീണ്ടും പോരാടുവോനും.
ഭൗതീകതൃഷ്ണയും ഭദ്രാസനക്കൊതീം
ആത്മദാഹമില്ലാമാടിനുണ്ടോ?
5. രാജാവായിടുവാന്‍ മോഹിക്കുമേവനും
ദാസനായീടു സ്വയമിനിമേല്‍;
രാജാധിരാജനാം യേശുവാഗോശാല
താനേ തിരഞ്ഞതും താഴ്മമൂലം!
6. താഴ്മ ധരിക്കാതെ മേല്‍ത്തരം പട്ടുതന്‍
ളോഹക്കുമേല്‍ളോഹ ജാഡവേഷം!
കോമിക്കുകള്‍ നിങ്ങള്‍ പൂര്‍ണ്ണരല്ല-സ്വയം
കേമനെന്നോതിയാല്‍ കേമനായോ?
7. ബൈബിള്‍ പഠിച്ചോ? മനുവേലെ കണ്ടുവോ?
പൊന്നാമനസ്സിന്‍ മൊഴികള്‍ കേട്ടോ?
ചെവി നിങ്ങള്‍ക്കില്ലാതാല്‍ കേട്ടില്ലതു സത്യം;
പിന്നെന്തിനീ തന്ത്രനാടകങ്ങള്‍?
8. ദൈ്വതബോധത്തിലെ ദാവീദിന്‍ ഗീതികള്‍
അദൈ്വതമോതിയോനിഷ്ടമാമോ?
വചനം ജഡമായോന്‍ ദാവീദിന്‍ സൂനുവോ!
മരുമക്കത്തായം യഹൂദനുണ്ടോ?
9. ഓം പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ.
ഓം ശാന്തി: ശാന്തി: ശാന്തി: സ്‌തോത്രം: ഹല്ലേലുയ്യ.
കലഞ്ഞൂര്‍, 09-03-2012

No comments:

Post a Comment

Note: only a member of this blog may post a comment.