Thursday 6 December 2012

സ്വപ്നാടനം

              സാമുവല്‍ കൂടല്‍

1. കാലമുണര്‍ന്നൊരാക്കാലത്തിനും മുന്നെ
കേവലനീശാ, നീ കാരണമാ-
മാനസസ്പന്ദനം കാര്യങ്ങളായ്; ഞാനും
സ്വപ്നാടനം പോലെ നിന്‍ ചേതസ്സില്‍!
2. മാനസം ഞാന്‍! മന:സ്പന്ദനം കര്‍മ്മമായ്,
കാലപ്രവാഹെ മനമൊഴുകി;
കാലവുമാശയും രൂപവേഷങ്ങളായ്,
കോടിജന്മങ്ങളെ ഞാന്‍ നുകര്‍ന്നു.
3. ജന്മങ്ങളോരോന്നും സ്വപ്നങ്ങ,ളെന്മനം
സ്വപ്നങ്ങളെല്ലാം മറന്നുണര്‍ന്നു!
പാഴ്‌വേല ചെയ്യുവാന്‍ പിന്നെയും മാനസം
സ്വപ്നങ്ങള്‍ തേടി തുടര്‍ന്നു യാനം. . .
4. എന്നെയറിയുവാന്‍ മോഹമായ്, ജന്മങ്ങള്‍
പഞ്ചഭൂതങ്ങളാല്‍ ഞാന്‍ മെനഞ്ഞു;
കണ്ടില്ലൊരിക്കലും എന്നിലെയെന്നെ ഞാന്‍,
കണ്ണകക്കണ്ണെനിക്കില്ലാതെ പോയ്!
5. കര്‍മ്മപുണ്യങ്ങളാല്‍ നേടി ഞാനിന്നിതാ,
മണ്ണില്‍ മനോഹര ജീവനം; ഹാ!
ഉള്ളറ തേടി ഞാന്‍ ഉള്ളിലെന്നുണ്മയെ
മത്തായിയാറില്‍ നീ ചൊന്നപോലെ.
6. ആനന്ദമാണു ഞാന്‍, നീയെന്നിലുണ്മയായ്,
ആനന്ദസീയോന്‍ ഇടനെഞ്ചിലായ്!
ആശനിരാശയും മോഹവും ശോകവും
ലേശം ജനിക്കാതായ്, ഞാനമൃതന്‍!
7. നീ സ്‌നേഹസിന്ധു, ഞാനുപ്പുപാവയതില്‍
ഞാനലിഞ്ഞെപ്പൊഴേ ആഴങ്ങളില്‍;
ആലിംഗനം ചെയ്തു കാലതരംഗിണി,
ഞാനെന്നതില്ല - നീ മാത്രമീ ഞാന്‍

കലഞ്ഞൂര്‍, 17-03-2012





No comments:

Post a Comment

Note: only a member of this blog may post a comment.