Thursday 6 December 2012

ലോകമേ, ഗീത പാടൂ

 സാമുവല്‍ കൂടല്‍

1. ത്രേതായുഗത്തിലാ ബീസിയില്‍ ഭാരതം
ലോകത്തിനാകെ അറിവരുളും
ശാസ്ത്ര പഠനശാലയായിരുന്നുപോല്‍
തക്ഷശില-നളന്ദ പേരിലായ്.
2. നാനാവിധ ജ്ഞാനമേറുവാന്‍ ജ്ഞാനികള്‍ 
മാമുനി ചാരേയണഞ്ഞ കാലം,
വേദം പഠിക്കുവാന്‍ മാനസ്സാഴങ്ങളില്‍
നീന്തുവാന്‍ ഭാരതം തേടി ലോകം.
3. പന്ത്രണ്ടിലെത്തിയോന്‍ മുപ്പതാകും വരെ
എപ്പോഴെവിടെ എന്തായിരുന്നു 
എന്നു പറയുവാന്‍ ബൈബിളിലേശുവിന്‍
പുണ്യചരിതങ്ങള്‍ ഏതുമില്ല.
4. ഭാരതം തന്നിലെ ജ്ഞാനമാം സാഗരേ
യേശുവും നീന്തിത്തുടിച്ചു പോലും,
ഉപനിഷത്തോതിയ വേദാന്തസൂക്തങ്ങള്‍
നസറായന്‍ നാവില്‍ നിറച്ചു നന്നായ്.
5. മൂഢമാം പൈതൃകാനുഷ്ഠാനാരാധന
ആകെയവന്‍ മാറ്റി, പാഴ്‌നിയമം;
'പുത്തനാം സിദ്ധാന്തമാണിതെന്‍ കല്‍പ്പന
കേള്‍ക്കുവാന്‍ കാതുള്ളോര്‍ കേള്‍ക്കാ'നോതി.
6. കാളയെക്കൊന്നതിന്‍ മേദസ്സില്‍ മോദരായ്
മേവിയ നീചപുരോഹിതര്‍ക്കോ
വേദാന്തശാസ്ത്രവും ജ്ഞാനവുമേറില്ല
ബറബാസിനെ മതി, യേശു ക്രൂശില്‍!
7. ഹിന്ദുമതത്തിന്‍ പുരോഹിതര്‍ ബ്രാഹ്മണര്‍
മ്ലേച്ചരായ് ഞങ്ങളെ കണ്ടമൂലം;
വേദമകലെയായ് തീണ്ടല്‍ തൊടീലുമായ്,
എങ്കിലും ജംബറഴിച്ചു കാണാന്‍.
8. പച്ചയനീതി ചെറുക്കാന്‍ കഴിയാതെ
പാതിരി മേയ്ച്ച പുതുവഴിയെ 
മെച്ചമാം പുല്‍പ്പുറം തേടുമജങ്ങളെ 
പള്ളിവഴക്കില്‍ കശാപ്പു ചെയ്തു.
9. ക്രൂശില്‍ മരിച്ചോന്റെ മൊഴിതെല്ലും കേള്‍ക്കാതെ
കീശയില്‍ കാശേറാന്‍ ചൂഷകരായ്,
യേശുവിന്‍ സ്‌നേഹമാം വേദമറിയാത്ത
കോലങ്ങളെന്നും പുരോഹിതന്മാര്‍.
10. അവരുടെ കുപ്പായ നിറഭംഗി കരളിനു
കുളിരാക്കി തീയില്‍ ശലഭങ്ങള്‍പോല്‍
തുരുതുരെ തലമുറ കരിയുന്നു! കാലമേ,
ഇനിയുമാ ഗീത നീ പാടു വീണ്ടും.
കലഞ്ഞൂര്‍, 23-03-2012




No comments:

Post a Comment

Note: only a member of this blog may post a comment.