Thursday 6 December 2012

പള്ളിയില്ലേല്‍ സ്വര്‍ഗ്ഗം

            സാമുവല്‍ കൂടല്‍
1. 'കേള്‍പ്പാന്‍ ചെവിയുള്ളോന്‍ കേള്‍ക്കുവാ'നോതിപോല്‍,
കേള്‍ക്കാതെ പോകുമനേകരെന്നും 
യേശുവിന്‍ ദു:ഖമായ്; പാഴ്ജന്മശേഖരം
കാലത്തിന്‍ കുത്തൊഴുക്കില്‍ മൃതരായ്.
2. നന്നാവുകില്ലെന്നൊരുള്‍വാശി ഉള്ളവര്‍ 
എന്നും സമൂഹക്കളകളെങ്ങും; 
മൃത്യുവിന്‍ പുത്രരായ്, വീണ്ടും ജനിക്കുവാന്‍
നേരം കളയാതെ പോയ് മറഞ്ഞു.
3. എല്ലാം പൊറുക്കുമാ ദൈവമിവറ്റയെ 
പിന്നെയും പാരില്‍ പറഞ്ഞയച്ചു;
'പള്ളിയില്‍ പോകരുതെ'ന്നൊരു വാണിംഗും
മുന്നേ കൊടുത്തു സ്വര്‍ഗ്ഗാരോഹിതന്‍.
4. 'വീണ്ടും വരുമെ'ന്നുരച്ചവന്‍ വന്നാലോ
കഷ്ടം! ഇവര്‍ വീണ്ടും പള്ളിയിലായ്;
കക്ഷി വഷക്കായി കൂദാശാരണമായി,
കുര്‍ബാനക്കാശില്‍ കള്ളക്കണക്കായ്.
5. പള്ളിപ്പണത്തിലെ മുച്ചൂടും തിന്നവന്‍ 
മെത്രാന്‍ കക്ഷിയോടു കൂറുമാറി
ട്രസ്റ്റിയാകാന്‍ വന്നു, വോട്ടെടുപ്പായ് പിന്നെ
തമ്മില്‍ കലഹമായ് ബാവാ കക്ഷി.
6. താതസുതറൂഹ കക്ഷികളില്ലാതായ്,
ബാവായും മെത്രാനും കക്ഷിപ്പോരില്‍;
അങ്കം കുറിക്കാലഹള പ്രതിദിനം,
പള്ളിയില്‍ പോകാന്‍ ഭയന്നു ഭക്തര്‍!
7. ഒത്തിരി പാവങ്ങള്‍ പാല്‍പ്പൊടി വാങ്ങാന്‍ പോയ്,
ഒട്ടേറെപ്പേരെ പാസ്റ്റര്‍ വിഴുങ്ങി;
മിച്ചമുള്ളോര്‍ക്കു കലഹിക്കാന്‍ വീറില്ല,
പള്ളിയേ ശൂന്യമായ് . . . . ദൈവജയം!
8. 'പള്ളി, മനസ്സിന്നറയിലെ ഉള്ളറ' 
എന്നിവര്‍ കാലേ പടിച്ചു പോലും!
ദൈവമുണര്‍ത്തുമാ ചിന്തകള്‍ കര്‍മ്മമായ്
നല്ല ശമരായര്‍ എങ്ങുമായി! 
9. മാനവരെല്ലാരും മാലാഖമാര്‍പോലായ്,
കള്ളമില്ല പക പള്ളിയില്ല!
തന്നെപ്പോല്‍ തന്നയല്‍ക്കാരനെ സ്‌നേഹിക്കാന്‍
എല്ലാര്‍ക്കുമായ്, ധര സ്വര്‍പ്പുരമായ്!
കലഞ്ഞൂര്‍, 21-03-2012



No comments:

Post a Comment

Note: only a member of this blog may post a comment.