Saturday 8 December 2012

കന്യാസ്ത്രീയും കന്യാചര്‍മ്മവും - പ്രതികരണം

സാമുവല്‍ കൂടല്‍ 
ദൈവമേ നിനക്കു സ്തുതി. 2012 ജൂലൈ 24-ാം തീയതി എനിക്ക് മറക്കാനാവാത്ത ദിവസമായി! കാരണം രാവിലെ ടി.വി തുറന്നപ്പോള്‍ മുതല്‍ കന്യാസത്രീയുടെ കന്യാചര്‍മ്മം ഡ്യുപ്ലിക്കേറ്റായി ഒട്ടിച്ചെന്നും ഒര്‍ജിനല്‍ മെത്രാന്‍ - - - - ഈ ശസ്ത്രക്രിയ നടത്താന്‍ ഇന്ത്യയില്‍ ആശുപത്രികള്‍ ഇല്ലെന്ന കത്തോലിക്കാ സഭയുടെ വാദം, ഇന്ത്യയില്‍ ഈ സൗകര്യമുള്ള ആശുപത്രികള്‍ ആലപ്പുഴ ഉള്‍പ്പടെ 50 ഉണ്ടെന്ന സി.ബി.ഐ വാദവും ത്രേസ്യമ്മയുടെ തുറന്ന കുമ്പസാരവും ഇതിലുപരി ചാനലിലെ ചര്‍ച്ചാ വേദികളും കൂടെകൂടെ വാര്‍ത്തയില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന മെത്രാന്‍, പാതിരി, കന്യാസ്ത്രീ മുഖങ്ങള്‍! അമ്പംമ്പട രാഭണാ. . . 
എന്റെ കുട്ടിക്കാലം മുതല്‍ ഒരു മതവിഭാഗക്കാര്‍ കന്യാചര്‍മ്മം വിവാഹത്തിനു മുമ്പ് നശിച്ച പെണ്ണിനെ വിവാഹം ഒഴിയുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഒരു ഹൈജംബ് ചാടിയാലോ, കയ്യാല ചാടിയാലോ ഇതു പോകാവുന്നതേയുള്ളു എന്ന് ഈ മതത്തെ ബോധവല്‍ക്കരിക്കുന്നതായും കേട്ടിട്ടുണ്ട്. ഇന്നിതാ മലയാളി ക്രിസ്ത്യാനിയെ ആകമാനം അപമാനിക്കാന്‍ ചാനല്‍ വാര്‍ത്തകള്‍! എന്റെ കര്‍ത്താവിന് വെറും മുപ്പതു വെള്ളിക്കാശിനും വിലയില്ലാതായോ? അവന്റെ മണവാട്ടിമാര്‍ ഈവിധം അഭയകളായി മാറുന്നല്ലോ. ഈവക മനസ്സിന്റെ മൗനനൊമ്പരങ്ങള്‍ ഒരു കവിതയായി എന്റെ വിരല്‍തുമ്പിലൂടെ ഊറി. . . അല്‍മായ ശബ്ദത്തിലെത്തി. . . മാപ്പ്.
പക്ഷേ അതിന്റെ അനുവാചക പ്രതികരണങ്ങള്‍ രണ്ട് വിധത്തില്‍ വന്നപ്പോള്‍ ഈ കുറിമാനം മനനമുള്ള മനുഷ്യര്‍ക്കായി മാത്രം എഴുതുന്നു (എരുമയ്‌ക്കെന്തിന് കിന്നരനാദം). എന്റെ കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തെ ഔദ്യോഗിക (എയര്‍ലൈന്‍) ജീവിതത്തിലും അതിനു മുമ്പുള്ള കോളേജ് വിദ്യാഭ്യാസകാലത്തും (സെന്റ് ജോസഫ്‌സ് കോളേജ് ബാംഗ്ലൂര്‍) അനവധി കന്യാസ്ത്രീകളുമായി പരിചയപ്പെടാനും അടുത്തിടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗകാലത്ത് കേരളത്തില്‍ നിന്നും ഡാര്‍ക് കോണ്ടിനന്റെലിലേക്ക് സേവനത്തിനായി പോകുന്ന നിരവധി കന്യാസ്ത്രീകളെ അവരുടെ ട്രാന്‍സിറ്റ് പോയിന്റായ അബുദാബിയില്‍, കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടാതെ രണ്ടും മൂന്നും ദിവസം എയര്‍പോര്‍ട് ട്രാന്‍സിറ്റ് ലോഞ്ചില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുവാനും ചിലരെ ട്രാന്‍സിറ്റ് വിസാ സംഘടിപ്പിച്ച് ടൗണില്‍ കൊണ്ടു പോയി ആശ്വസിപ്പിച്ച് ശുശ്രൂഷിക്കാനും ഈയുള്ളവനു ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരില്‍ ഏറിയ പങ്കും ഒരു നിമിഷത്തിന്റെ പ്രേരണയില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നതു പോലെ ഈ ഗതികിട്ടാമഠങ്ങളില്‍ എത്തിപ്പെട്ടവരാണെന്നും പുറത്തു പോകാനാകാത്തവണ്ണം സമൂഹത്തെ ഭയപ്പെട്ട് അകത്തെ പീഢാനുഭവത്തില്‍ മൗനമായി കരയുന്ന കര്‍ത്താവിന്റെ ദു:ഖമണവാട്ടികളാണെന്ന് അവരുടെ നാവിലൂടറിഞ്ഞ സത്യം എന്റെ പൊന്നുതമ്പുരാന്‍ ക്രിസ്തു നാമത്തില്‍ ഞാനെന്റെ മനസിന്റെ സത്യവാങ് മാന്യവായനക്കാരേ ഞാനിതാ സമര്‍പ്പിക്കുന്നു. ഹൃദയം കൊണ്ടൊന്നു ചിരിക്കാനറിയാത്ത കരയാന്‍ പോലും മറന്നു പോയ സഭയുടെ പാവം പെണ്ണാടുകള്‍! പണ്ട് പണ്ടെന്നോ ഒരു വീരന്‍ പാതിരിയുടെ ദുഷ്ട മനസില്‍ തോന്നിയ കുബുദ്ധിയുടെ പരിണിത ഫലമാണീ മണവാട്ടിമാര്‍. സ്വര്‍ഗത്തിലെ കര്‍ത്താവിന് എന്തിന് ഭൂമിയില്‍ മണവാട്ടിമാര്‍? മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല. എന്ന യഹോവയുടെ ആദമിനെക്കുറിച്ചുള്ള ആദ്യത്തെ കണ്ടെത്തല്‍ ദൈവത്തിന്റെ ഒന്നാം വിവേകം അവനു കൂട്ടായി നരനില്‍ നിന്നും നരനുവേണ്ടി നാരിയെ സൃഷ്ടിച്ചു. ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്തരുത്. സഭയുടെ ഭൗതിക വളര്‍ച്ചയ്ക്കു വേണ്ടി ഹ്യുമന്‍ ലേബര്‍ പരമാവധി ഉപയോഗിക്കാന്‍ കണ്ടെത്തിയ അധമ നയമാണ് അവിവാഹിത പൗരോഹിത്യവും പാവം കര്‍ത്താവിന്റെ പേരില്‍ കുറെ മണവാട്ടിമാരും. 
എന്റെ കവിതയില്‍ ഒരജ്ഞാതന്‍, ശിവലിംഗയോനീ പൂജപോലെ, . . . . കന്യാസ്ത്രീയുടെ കന്യാചര്‍മ്മമേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നതായി കണ്ടു! സഹോദരാ, മഹാ പുരോഹിതന്റെ സ്പര്‍ശനത്താല്‍ എല്ലാം പുണ്യാമകും എന്നു കരുതരുത്. എന്നാല്‍ സൃഷ്ടിയില്‍ ഒന്നും നീചമായതോ നിന്ദ്യമായതോ ദൈവം സൃഷ്ടിച്ചിട്ടില്ല. മൂര്‍ഖന്റെ വിഷവും പൊട്ടാസ്യം സൈനേഡു പോലും എല്ലാം ഗുണപ്രദം ഉപയോഗപ്രദം ബ്രഹ്മകല്‍പ്പിതം പ്രകൃതി. പ്രകൃതിയെ പ്രാകൃതമായി കാണാതെ സ്‌നേഹിക്കു. നിന്ദ നിസാരന്റെ ഭാവമാണ്. എന്റെ രചന മ്ലേച്ഛമെന്നു കരുതുന്നവരോട് ഒരു വാക്ക്, ഗര്‍ഭപാത്രവും മുലച്ചുണ്ടും താങ്കള്‍ക്ക് മ്ലേച്ചമായി തോന്നുന്നുവോ? അമ്മിഞ്ഞിപ്പാല്‍ ഒരു കുഞ്ഞ് നുകര്‍ന്നുവെങ്കില്‍ അവനാദ്യം കുരുന്നു കയ്യുകള്‍ക്കൊണ്ട് താങ്ങി തലോടിയ അമ്മയുടെ മുലകളങ്ങനെ മ്ലേച്ഛമാകും? എങ്കില്‍ അമ്മയില്‍ അംശമായ കന്യാചര്‍മ്മവും അങ്ങനയല്ലേ? സ്ലീലവും അസ്ലീലവും രണ്ടും സത്യങ്ങളല്ല. രണ്ടും മനസിന്റെ സംസ്‌കാരതല സങ്കല്‍പ്പങ്ങളാണ്. മനനത്തിലൂടെ ഓരോ മനുഷ്യനും ശ്രേഷ്ട സംസ്‌കാരത്തിന് ഉടമകളാകണം. മരിക്കും മുമ്പേ മനനമുള്ള മനുഷ്യനാകാന്‍ താങ്കളും ശ്രമിച്ചു നോക്കൂ. ക്രിസ്തുവിന്റെ തിരുവചനങ്ങളിലെ പൊരുളറിയാന്‍ ഗീതയും ഉപനിഷിത്തുകളും ഹൃദ്യസ്തമാക്കു. ഞാനോര്‍ക്കുന്നു ഒരിക്കല്‍ നിത്യചൈതന്യയതി അദ്ദേഹത്തെ കാണാന്‍ വന്ന ഭക്തന്റെ കൈയ്യിലിരുന്ന മലയാളം വാരിക വാങ്ങി നോക്കിയിട്ട് അതിലെ മുഖചിത്രത്തിനെക്കുറിച്ച് പറഞ്ഞത് (സുന്ദരിയായ സ്ത്രീയുടെ മുഖത്തിന് പ്രാധാന്യം നല്‍കാതെ സ്തനങ്ങള്‍ക്ക് ക്ലോസപ് കൊടുത്ത ചിത്രം) ഇവനൊന്നും അമ്മയുടെ മുലകുടിച്ചിട്ടില്ലേ? പിന്നെന്താ മുലയോടിത്ര കൗതുകം എന്ന്. പ്രിയ സഹോദരാ, പാതിരാവില്‍ പാതിരി കന്യാമഠത്തില്‍ കയറികൂടിയത് സ്ലീലമോ? അഭയയെ ക്രൂരമായി കൊല ചെയ്തത് വന്ദ്യമോ, ത്രേസ്യമയുടെ പച്ചയായ വെളിപ്പെടുത്തല്‍ സ്തുത്യര്‍ഹമോ? ഇത് കൂടെ കൂടെ ടിവിയില്‍ കാണിച്ച് ക്രിസ്തീയതയുടെ തൊലുയുരിക്കുന്ന ചാനല്‍കാര്‍ ശ്ലാഹനീയരോ? പിന്നെന്തേ എന്റെ നൊമ്പര ഗദ്ഗദഗാനത്തിന് ഇത്ര മ്ലേച്ഛത? മനനത്തിലൂട മാനസാന്തരപ്പെടു. ഉത്തിഷ്ഠത ജാഗ്രതാ പ്രാപ്യവരാ നിബോധത. 
-ശുഭം-
കലഞ്ഞൂര്‍
26-07-2012

No comments:

Post a Comment

Note: only a member of this blog may post a comment.