Thursday 6 December 2012

ഹാശാഗീതം

 സാമുവല്‍ കൂടല്‍

1. വിധവയാമമ്മയെ വൃദ്ധസദനത്തില്‍
'ശോകാന്ത്യം'നേര്‍ന്നുകൊണ്ടേകുവോന്‍, തന്‍
പിറന്നാളാഘോഷിക്കും ലഹരിയില്‍ മാതാവിന്‍
പേറ്റുനോവോര്‍ത്ത് കരയും പോലെ!
2. പാഷന്‍ ഫ്രൈഡേകളില്‍ കാലാകാലങ്ങളായ്
മുതലക്കണ്ണീരു പൊഴിക്കുവാനായ്, 
'ദു:ഖവെള്ളി' യെന്നൊരോമന പേരിട്ടാ-
വാസരം പള്ളിയില്‍ പോകുവോരേ. . . .
3. സ്‌നേഹമാം പ്രത്യയശാസ്ത്രം ഉരച്ചോനെ
ക്രൂശിച്ച യൂദരും നാണിച്ചുപോം, 
പള്ളിക്കലഹവും തമ്മിലടീം-നാറും 
ളോഹ വിതയ്ക്കും വിപത്തുമോര്‍ത്താല്‍.
4. 'പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകരുതെ' ന്നേശു,
നിങ്ങളോ പള്ളിയില്‍ പള്ളിതീര്‍ത്തു!
പള്ളിമുറ്റത്തൊരുപള്ളി എന്നായ് പിന്നെ,
'പള്ളി കലഹിക്കാന്‍' ളോഹയോതി!
5. കൊടിവച്ച കാറിനും പണി ചെയ്യാതുണ്ണാനും 
സുഖിമാനായ് ചെത്തി ജീവിക്കുവാനും
പല കളര്‍ളോഹകള്‍ മറയാക്കി മാറ്റുന്ന 
കപടരേ, നിങ്ങള്‍ പരീശപുത്രര്‍.
6. മത്തായി ഇരുപത്തിമൂന്നിലുടനീളം
കര്‍ത്താവ് പരിഹസിച്ചെന്നാകിലും,
കൂസലും നാണവും ഏശാത്ത നിങ്ങളെ
ഏതിനോടേശു ഉപമിച്ചിടും? 
7. യേശുവിന്‍ പുതുവേദസ്‌നേഹം മരിച്ചുപോയ്
'ഏലീ ഏലീ'യെന്നു കേണാര്‍ദ്രമായ്;
ബറബാസിന്‍ കലഹത്തിന്‍ പോര്‍വിളി പള്ളിയില്‍!
ഇതു ഹാശാഗീതകം കലികാലമേ. . . .
8. പള്ളി കലഹത്തിന്‍ കൂദാശ ചൊല്ലുവാന്‍,
കലഹത്തെ മൂറോന്‍ പുരട്ടുവാനായ്;
കലഹത്തിന്‍ സന്തതി ധരയാകെ നിറയുവാന്‍
കലഹത്തിന്‍ കല്യാണം ഒത്തുചൊല്ലാന്‍!
9. കലഹത്തിന്‍ ശവമഞ്ചം പേറി പിശാചുക്കള്‍
കല്ലറക്കുന്നില്‍ കലഹമായി; 
'അവകാശിയാരീ ശവത്തിന് കൂദാശ-
പ്പുക വീശാന്‍', ളോഹകള്‍ പോര്‍വിളിച്ചു.
10. സെമിത്തേരീലടിനാശം, മീഡിയാ ചേലിലാ
സീനുകള്‍ ടിവീല്‍ നിറച്ചനേരം,
നരകത്തില്‍ കരഘോഷം, കലഹിക്കാന്‍ പുതുപ്രേതം
വരുമെന്നാവാര്‍ത്ത അറിഞ്ഞതിനാല്‍.

കലഞ്ഞൂര്‍, 19-03-2012

No comments:

Post a Comment

Note: only a member of this blog may post a comment.