Saturday 8 December 2012

പിപ്പിലാഥന്‍ എഴുതിയ കാനോന്‍ നിയമത്തിന് നന്ദി

                           സാമുവല്‍ കൂടല്‍
വഴിയും സത്യവും ജീവനുമായവനേ നിനക്കു സ്തുതി. സത്യവേദപുസ്തകത്തിന്റെ സത്യവിശ്വാസികളെയും സര്‍ക്കാരിനെയും മറച്ച് രഹസ്യമായി അനുവദിച്ചിട്ടുള്ള ഈ അരമന വേഴ്ചകള്‍ കാനോന്‍ നിയമങ്ങളെ നാറ്റിക്കുവാനും, കത്തോലിക്കാ സഭ കര്‍ത്താവിന്റെ സഭാ മണവാട്ടി ലിസ്റ്റില്‍ നിന്നും വെട്ടിക്കളയുവാനും ഇടയാകുന്ന കഷ്ടകാലം വന്നു ചേര്‍ന്നതില്‍ ദു:ഖിക്കുന്നു. സത്യമേവ ജയതേ! പണ്ട് വിശുദ്ധ വേദപുസ്തകം കത്തോലിക്കാ സഭയിലെ അല്‍മായര്‍ വായിക്കുവാന്‍ പോലും പാടില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇന്ത്യയില്‍ സംസ്‌കൃത വേദങ്ങള്‍ പണ്ട് ബ്രാഹ്മണരുടെ കുത്തകയായിരുന്നാല്‍ ഭാരതത്തിന്റെ ആത്മജ്ഞാനം കേട്ടറിയുവാനോ, വായിച്ചറിയുവാനോ തരം കിട്ടാതെ ആ സനാതന മതം വിട്ട് എന്റെ ഏതോ ഒരു മുത്തച്ഛന്‍ മതം മാറി ഈ പാതിരിമാരുടെ ചതിക്കുഴിയില്‍ അകപ്പെട്ടല്ലോ! അത് കാരണം തുടര്‍ന്നുള്ള ബീജം ഞാനായി ഈ സഭയില്‍ പിറന്നു വീഴാനും കുരുടന്മാരായ വഴികാട്ടികളുടെ അടിമകളായി വീര്‍പ്പുമുട്ടി കഴിയാനും ഇടവന്നല്ലോ എന്നോര്‍ത്ത് ജന്മത്തെ ശപിക്കുന്നു. അല്‍മായരില്‍ നിന്നും സ്വയം കല്ല്യാണം വരെ രഹസ്യമാക്കി വി.ഐ.പി കളാകുന്ന പുരോഹിതരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! ക്രിസ്തീയതയെ കാലത്തിന്റെ ഭൗതിക സുഖങ്ങള്‍ക്കായി ഒറ്റിക്കൊടുക്കുന്ന നിങ്ങള്‍ യുദയെപ്പോലെ ജനിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? 
മലങ്കരയിലെ ഒരു മഹാപുരോഹിതന്‍ കുദാശ ചൊല്ലി കൈയ്യിലാക്കിയ കാശു മുഴുവന്‍ പലിശക്കമ്പനികള്‍ക്ക് കൊടുക്കുകയും അവസാന കാലം പലിശക്കമ്പനികള്‍ കബളിപ്പിച്ചത് കാരണം കോടികള്‍ നഷ്ടമായ ദു:ഖത്തില്‍ മനസിന്റെ സമനില തെറ്റി! പ്രാകൃതമായി പെരുമാറിയ ആ പ്രാകൃത മനസോടെ ശരീരം വെടിഞ്ഞ് എവിടേക്കോ പോയി. പക്ഷെ മൃതശരീരം ലക്ഷങ്ങളുടെ കുന്തരിക്കത്തില്‍ മൂടി കല്ലറയിലാക്കി. മനുഷ്യാ നീ മണ്ണാകുന്നു. പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട നിന്റെ മേനി തിരുമേനിയല്ല, പല്ലു തേച്ചില്ലെങ്കില്‍ വാ നാറുന്നവനേ കുന്തിരിക്കം വെറും ക്രിമിനല്‍ വേസ്റ്റേജ് ഓഫ് മണി! സ്വയം വലിയവനാകാന്‍ പുരോഹിതന്‍ കണ്ടെത്തിയ ഗമിക്‌സുകളില്‍ വെറും ഒരണ്ണം മാത്രമാണിത്. വിശുദ്ധ മത്തായി 10 ഒരിക്കലും വായിച്ചിട്ടില്ലാത്ത ഇവര്‍ ഏത് കര്‍ത്താവിന്റെ പ്രതിപുരുഷന്മാരാണ്, കാലം ഇവരുടെ കര്‍മ്മങ്ങള്‍ ചികഞ്ഞു നോക്കിയാല്‍? ഭാരതത്തിലെ ജ്ഞാനോപനിഷ്ത്തുകളില്‍ 1. അവധൂതോപനിഷത് 2. ആശ്രമോപനിഷത് 3. കഠരുദ്രോപനിഷത് 4. കുണ്ഡികോപനിഷത് 5. നാരദപരിവ്രാജകോപനിഷത് 6. പരമഹംസോപനിഷത് ഇവയുടെ ക്രീമിലെ ക്രീമാണ് വിശുദ്ധ മത്തായി പത്താമദ്ധ്യായം! വായിച്ചു നോക്കു. . . 
കര്‍ത്താവിന്റെ തിരുവചനങ്ങള്‍ കാറ്റില്‍ പറത്തിയിട്ട് കാശുക്കൊണ്ടു നേടാവുന്ന ഭൗതിക സുഖങ്ങള്‍ അതിന്റെ രാജകീയാഢംബരത്തില്‍, അല്‍മായവരെ ചൂഷണം ചെയ്തും കപ്പ്യാരെയും കന്യാസ്ത്രീകളെയും ദാസ്യവേലക്കാരാക്കുന്ന തിരുമനസുകളേ, ആത്മപരിശോധന ചെയ്യൂ നിങ്ങള്‍ ഏത് മനസുകളെന്ന്? നിങ്ങള്‍ നയിക്കുന്ന സഭാ സംഘടനകള്‍ എങ്ങനെ തിരുസഭകളാകും? ഈ തിരിച്ചറിവ് ദൈവത്തെ കണ്ടറിഞ്ഞ മനസുകളില്‍ ഉണര്‍ന്നിരിക്കുന്നു! ഇനിയെങ്കിലും ദൈവത്തെ ഉള്ളില്‍ അറിയുന്ന, ഉള്ളിന്റെയുള്ളില്‍ അനുഭവിക്കുന്ന, അവനില്‍ മാത്രം ആത്മസംഗമം നടത്തി ആനന്ദിക്കുന്ന അരുമ സുതരാകാന്‍, ആത്മാരാമന്മാരാകാന്‍ ശ്രമിക്കൂ. സ്വര്‍ഗസ്ഥനായ പിതാവ,് സ്വയം പിതാക്കന്മാരായ നിങ്ങളെയും വിളിക്കുന്നു. ഒന്നും ക്ഷമിക്കാത്ത ദൈവം, 40 വര്‍ഷം ഇസ്രായേല്‍ ജനത്തെ കാളക്കുട്ടിയെ വന്ദിച്ചു എന്ന ഒറ്റക്കാരണത്താല്‍ സീനായ് മലയ്ക്കു ചുറ്റും കറക്കിയതോര്‍ക്കൂ.കുമ്പസാരക്കൂട്ടില്‍ നിങ്ങളുടെ പാപങ്ങള്‍ എഴുതി തള്ളുമെന്നു കരുതുന്നുവോ? കര്‍മ്മം കര്‍മ്മത്തിനാധാരമായ ജന്മത്തോടും കര്‍മ്മഫലത്തോടും ബന്ധിതമാണ്. സുഖിച്ചോ സുഖിച്ചോ രഹസ്യത്തില്‍ സുഖിച്ചോ ജന്മം നാറുന്നതറിയാതെ. ക്രിസ്തുവിനെ ക്രൂശിച്ചതുകൊണ്ടോ നിങ്ങള്‍ളുടെ അനീതികള്‍ക്കും ആഭാസങ്ങള്‍ക്കുമെതിരെ ഉയരുന്ന അല്‍മായശബ്ദത്തിന്റെ മാറ്റൊലി ഇല്ലാതാക്കാന്‍ ശ്രമിച്ചതുകൊണ്ടോ ഫലമില്ല. പുരോഹിതര്‍ ക്രൂശിച്ച ക്രിസ്തു ഉയര്‍ത്തെഴുന്നെറ്റതുപോലെ ഇതാ അല്‍മായശബ്ദത്തിന്റെ ശംഖൊലി മുഴങ്ങുന്നു. കാതോര്‍ക്കൂ വേഗം മാനസാന്തരപ്പെടു പുരോഹിതാ... 
ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക എന്ന യഹോവയുടെ വിലാപം പോലെ നസറായന്‍ തന്റെ വേലക്കയച്ചവരുടെ പിന്‍ഗാമികള്‍ കത്തനാരായി, പാസ്റ്ററായി പല വേഴങ്ങളിലായി അവനോട് മത്സരിക്കുന്നു. അവന്റെ നാമം വൃഥാ എടുക്കുന്നവരേ കുറ്റമില്ലാത്തവരായി വിടുകയില്ല. വി.മത്തായി 10-ാം അദ്ധ്യായം ആയിരം പ്രാവശ്യം, അല്ല മനസിലാകുന്നതുവരെ ഓരോ പാതിരിയും പാസ്റ്ററും വായിക്കട്ടെ നമ്മുടെ കര്‍ത്താവിന്റെ ഓര്‍ഡര്‍, ഭാവന മനസിലാക്കട്ടെ! ഈ ക്രിസ്തീയ കച്ചവടം നിര്‍ത്തൂ. . . സ്‌തോത്രം. കലഞ്ഞൂര്‍, തീയതി : 28-07-2012  

No comments:

Post a Comment

Note: only a member of this blog may post a comment.