Thursday 6 December 2012

പരമാനന്ദം (പ്രതികരണം)

             സാമുവല്‍ കൂടല്‍

'ക്രിസ്ത്യാനികള്‍ക്ക് സര്‍ഗ്ഗശക്തി ഇല്ല'എന്ന തല വാചകവും പൊന്‍കുന്നം വര്‍ക്കിയുടെ ഫോട്ടോയും ആലേഖനം ചെയ്ത്, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍പേജ് മുഖചിത്രമായി ഞാന്‍ കണ്ടതായി ഓര്‍ക്കുന്നു . പ്രവാസി മലയാളിയായ ഈ നസ്രാണി യുവാവിന് ഉളളുതുറന്നു തന്നു ആ ലേഖനം. അവധിക്ക് ഇന്ത്യയില്‍ വന്നപ്പോള്‍ നേരിട്ട് ആ മുഖം കാണാന്‍ വാരികയുമായി പൊന്‍കുന്നത്തു ഞാന്‍ ചെന്നു. രാവിലെ 6 മണി. ദൈവസഹായം ഹോട്ടലുകാരന്‍ പറഞ്ഞു പാമ്പാടിയിലാണദ്ദേഹം പൊറുതിയെന്ന്! വണ്ടി നേരേ പാമ്പാടിക്ക്. വീട്ടില്‍ ചെന്നു. പരിചയപ്പെടുത്തി. മാതൃഭൂമി വാരിക കാണിച്ചു, 'വിശദീകരിക്കാം- ഒരുകുപ്പി റം വാങ്ങിക്കൊണ്ടു വാ' എന്നരുളി വര്‍ക്കി വല്യപ്പന്‍. രാവിലെ 7.30 ന് ഏത് ബാര്‍ തുറക്കാനാ? തുറപ്പിച്ചു. ഒരു കുപ്പി ഓള്‍ഡ് മങ്ക് റം വാങ്ങി. കാണിക്കയര്‍പ്പിച്ചു. വേലക്കാരിയോട് 'രണ്ട് ഗ്ലാസ്സ് കട്ടന്‍കാപ്പി പോരട്ടെ' എന്നദ്ദേഹം. കട്ടന്‍കാപ്പിയില്‍ കാലത്തു മുതല്‍ റം ചേര്‍ത്തു കുടിക്കാമെന്ന് അന്ന് ഞാന്‍ കണ്ടു പഠിച്ചു. പക്ഷേ ശീലമാക്കിയില്ല. 
വാചാലനായ വര്‍ക്കി വല്യപ്പന്‍ 'എടാ കുഞ്ഞേ, ഈ കത്തനാരന്മാരെഴുതിയ സര്‍വ്വ പുസ്തകവും ഒന്നിച്ചിട്ട് ചുട്ടുകരിച്ചിട്ട് പുതിയതെഴുതിയാലേ അടുത്ത തലമുറ നല്ല ഭാഷാ ശീലമുളളവരാകു. ഇവറ്റകളുടെ ചവറു പ്രസംഗം കേട്ട് കേട്ട് വ്യാകരണമറിയാത്ത, രചന വായിച്ച് വായിച്ച് (ചന്ദ്രിക പത്രം വായിക്കുന്നു മലബാറുകാരെപ്പോലെ) മലയാളം നശിച്ച മലയാളികളാകും മലങ്കരനസ്രാണി' എന്നദ്ദേഹം എന്റെ മുഖത്ത് നോക്കി പറഞ്ഞതിന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. പിന്നെ ഞാന്‍ കണ്ടതും കേട്ടതും വായിച്ചതും എല്ലാം വര്‍ക്കി ഗുരു സത്യം പഠിപ്പിച്ചു, പറഞ്ഞു തന്നു എന്ന് മനസ്സിലുറപ്പിക്കാനും ഉതകി.
അല്മായ ശബ്ദത്തില്‍ ഞാനെഴുതിയ പരമാനന്ദത്തിന്റെ വൃത്തം ചോദിച്ച എന്റെ ക്രസ്തുവില്‍ സഹോദരാ, കോട്ടയം കതോലിക്കായുടെ വൃത്തത്തില്‍ പെറ്റു വീണു, ജീവിക്കുന്ന എനിക്കെവിടുന്നാ വൃത്തം? കാത്തോലിക്കാപാതിരിയുടെ വൃത്തത്തില്‍ കഴിയുന്ന അങ്ങയ്‌ക്കെന്തിനാ വൃത്തം? പാതിരിമാരും പാസ്റ്റര്‍ സേനയും വരയ്ക്കുന്ന വൃത്തത്തിലല്ലേ നാം ജനിക്കുന്നു/ജീവിക്കുന്നു/മരിക്കുന്നു, മരവിച്ച മനനമില്ലാത്ത മനസ്സുകളുമായി? കൂടലില്‍ ഈ ചെറുഗ്രാമത്തില്‍ 28 പള്ളികള്‍/സഭകള്‍/വൃത്തങ്ങള്‍! പിന്നെന്തിനാ പരമാനന്ദത്തിനൊരു വൃത്തം വേറെ-? ആനന്ദമല്ല പരമാനന്ദം! ആ വലിയ വൃത്തത്തിലാകാന്‍ ഇനിയെങ്കിലും ഉണരൂ, മടികളഞ്ഞ് മനനം ചെയ്യൂ. കത്തനാരുടെ കള്ളത്തരങ്ങള്‍ കുരിശിതന്‍ കാണിച്ചു തരും, ഉള്ളിന്റെയുള്ളില്‍ അവന്റെ വചനങ്ങള്‍ മാത്രം നിറച്ചാല്‍. പിന്നെന്തിനാ ദാവീദിന്റെ വീഞ്ഞില്‍ കുളിപ്പിച്ച വൃത്തമില്ലാത്ത സങ്കീര്‍ത്തനങ്ങള്‍? കുര്‍ബാന പുസ്തകങ്ങളിലെ വൃത്തമില്ലാത്ത യാചന/സ്തുതി ഗാനങ്ങള്‍?എങ്കിലും പറഞ്ഞേക്കാം നതോന്നത വഞ്ചിപ്പാട്ട് ഇതാണ് പരമാനന്ദത്തിന്റെ വൃത്തം!
അല്മായ ശബ്ദം മഞ്ഞപത്രമല്ല 'എന്റെ ആലയത്തെക്കുറിച്ചുളള എരിവ് എന്നെ തിന്നു കളഞ്ഞു'. ക്രിസ്തുവിന്റെ ആ എരിവ് ഏറ്റുവാങ്ങിയ മനസ്സുകളുടെ ഗദ്ഗദ്മാണതിലെ അക്ഷരങ്ങളോരോന്നും. കരളുളളവനല്ലേ കരളലിയൂ.....കാലത്തിന്റെ ഈ കരച്ചില്‍ കേള്‍ക്കാന്‍ കാതുളളവനല്ലേ കഴിയൂ......

പോപ്പു കാശുമായി കത്തനാരന്മാരുടെ ഹോമോസെക്‌സ് കേസ്സുകള്‍ തീര്‍ക്കാന്‍ ലോകമാകെ നെട്ടോട്ടമോടുന്ന വാര്‍ത്ത അച്ചടിച്ച മലയാളമനോരമ മുതലായ നമ്മുടെ മാദ്ധ്യമങ്ങളിലാണ്മഞ്ഞ!മഞ്ഞളിന്റെ മഞ്ഞയല്ല-മുഖം മഞ്ഞളിച്ച മഞ്ഞ! മനസ്സിലായോ കത്തോലിക്കാ വൃത്തത്തിലെ ക്രിസ്ത്യാനി സഹോദരാ?കര്‍ത്താവിന്റെ മണവാട്ടികളെന്ന മോഹന നാമത്തില്‍ പാതിരിമാര്‍ക്ക് ഇഷ്ടദാസികളാകാന്‍ മക്കളെ വിട്ടു കൊടുത്ത പാവം മാതാപിതാക്കളുടെ നൊമ്പരം, ആ മണവാട്ടി ടി.വിയില്‍ക്കൂടി മഠത്തിലെ പീഡാനുഭവം വര്‍ണ്ണിക്കുമ്പോള്‍ ടി.വി സ്‌ക്രീന്‍ മഞ്ഞിക്കുന്നു. കാണികളുടെ മുഖം മഞ്ഞിക്കുന്നു. കാശുമായി കേസ്സു തീര്‍ക്കാനലയുന്ന പോപ്പിന്റെ മുഖം മഞ്ഞിക്കുന്നു. കുരിശന്‍തന്‍ കണ്ണീര്‍ വാര്‍ക്കുന്നു. ഞാനാ പോപ്പിന്റെ വീട്ടില്‍ പോയി. പക്ഷേ ആ മുഖം കണ്ടില്ല. മഞ്ഞിച്ച മുഖം എന്തോന്ന് കാണാന്‍? അതുകൊണ്ട് ചൊവ്വാഴ്ച രാത്രി ഞാന്‍ വെനീസിനു പോയി! (ബുധനാഴ്ച തോറും ആ മഞ്ഞമുഖം കാണാം അജഗണങ്ങള്‍ക്ക്) ലക്ഷക്കണക്കിന് പ്രൊട്ടസ്റ്റന്റ് വിശ്വാസികളെ, ആ പാവം ഗലീലിയോയെ കൊന്നതില്‍ മാപ്പ് പറഞ്ഞ ആ മുഖം എന്തോന്നു കാണാന്‍? പോപ്പും മാപ്പ് പറഞ്ഞെങ്കിലും ഗലീലിയോയുടെ ആത്മാവ് പോപ്പിന് മാപ്പു കൊടുത്തോ? ഗലീലിയോയുടെ അമ്മയുടെ കണ്ണീര് നസ്രായന്‍ ഒപ്പാന്‍ വന്നിരുന്നോ? ആയിരം നന്മകള്‍ ചെയ്യാന്‍ ജന്മം എടുത്ത ഗലീലിയോ, നീയാണെന്റെ നഷ്ടസ്വര്‍ഗ്ഗം...... മാനവരാശിയുടെ നഷ്ടസ്വപ്നം......
ഒരു ക്രിസ്തുവും ഒരു ബൈബിളും! പാസ്റ്ററും പാതിരിയും ഈ ഒന്നിന്റെ മറവില്‍ എത്രയെത്ര വിഭിന്ന വൃത്തങ്ങള്‍ തീര്‍ത്തു! തലമുറകളെ അവരവരുടെ ചൂഷണത്തിനായി ഓരോ വൃത്തത്തിലാക്കി ഈ വൃത്തികെട്ട ഇടയന്മാര്‍! ദൈവം സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്ന് ക്രിസ്തു അറിമുഖപ്പെടുത്തിയിട്ടും അപ്പനും മക്കള്‍ക്കുമിടയിലെന്തിനീ ദെല്ലാളന്മാര്‍? അപ്പനു പിറന്ന, അപ്പനെ അറിയുന്ന, അപ്പനെ അനുസരിക്കുന്ന, അപ്പന്റെ ഇഷ്ടമക്കളായാല്‍ പിന്നെന്തിനു പ്രാര്‍ത്ഥന/പ്രാര്‍ത്ഥനാലയം? ചോദിക്കാതെ മക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞു തരില്ലേ സ്‌നേഹമുളള പിതാവ്? പിന്നെന്തിനീ യാചന? 'നിങ്ങള്‍ യാചിക്കും മുമ്പേ നിങ്ങള്‍ യാചിക്കുന്നത് ഇന്നതെന്ന് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ' ക്രിസ്തുവിന്റെ ഈ തിരുവചനം പാടേ നിരാകരിച്ച് പാതിരിയും പാസ്റ്ററും പ്രാര്‍ത്ഥനായജ്ഞങ്ങള്‍ നടത്തി പ്രാര്‍ത്ഥനയെന്ന കര്‍മ്മത്തെപ്പോലും അധമമാക്കുന്നു. കുരുടന്മാരായ ഇവരെ പിന്‍പറ്റി കുഴിയില്‍ വീഴുന്ന തലമുറയെ ഓര്‍ത്ത് കുരിശിതന്‍ കരയുന്നു. പാവം ക്രിസ്തു!
ദേവദാസി സമ്പ്രദായം ഇന്ത്യയില്‍ നിന്നു പോയി എന്നോര്‍ത്താല്‍ ഇവിടുത്തെ (ഉറങ്ങുന്ന സിംഹത്തെ) ഹിന്ദുമൈത്രിയേ ഉണര്‍ത്താന്‍ വേണ്ടി കന്യാസ്ത്രീകളെ ഉറക്കെ കരയിക്കല്ലേ സിംഹം ഉണരും. 
കാലമേ, തുറന്നെന്റെ ദു:ഖം പറഞ്ഞു.... ഒന്നു പ്രസവിച്ച സുഖം! ഇതില്‍ തെറ്റുണ്ടെന്നു തോന്നുന്ന മനസ്സുകളേ, മാപ്പ് മാപ്പ് മാപ്പ്...... പോപ്പേ, മാപ്പ്...... പോപ്പിനും മാപ്പ്.

കലഞ്ഞൂര്‍ 04-06-2012

No comments:

Post a Comment

Note: only a member of this blog may post a comment.