Wednesday 5 December 2012

പരമാനന്ദം

  സാമുവല്‍ കൂടല്‍

1 കലികാല കത്തോലിക്കാസഭ ലക്ഷങ്ങളെ കൊന്നു,
മടുത്തില്ല; സാമ്രാജ്യത്തിന്‍ കൊതി പോപ്പിന് !
മനനം ചെയ്‌തൊരാ മനം - ഗലീലിയോ മരിച്ചില്ല;
ദുഷ്ടനാം പോപ്പിന്റെ മാപ്പും ശ്രവിച്ചുലോകം.
2 കലികാല കര്‍ദ്ദിനാളോ, കാതോലിക്കാതൃമൂര്‍ത്തികള്‍,
കാലചക്രം പടച്ചൊരീ പാസ്റ്റര്‍ വൃന്ദവും
ഇതുവരെ ഗ്രഹിച്ചീല, 'അയല്‍ക്കാരനെ സ്‌നേഹിക്കാന്‍'
കുരിശില്‍ മരിച്ചോന്‍ കാതില്‍ ചൊരിഞ്ഞമന്ത്രം.
3 സാത്താന്റെ കയ്യൊപ്പുള്ള മനസ്സുകള്‍ കലഹമായ്
പള്ളികളില്‍ നസറായന്‍ നാണം മറച്ചു;
പള്ളിയവന്‍ സ്ഥാപിച്ചീല, കര്‍ദ്ദിനാളെ വാഴിച്ചീല,
ളോഹയുടെ നിറം നീളം പറഞ്ഞുമില്ല.
4 മൂറോനവന്‍ കാച്ചിയില്ല, ആരെയും പുരട്ടീമില്ല
ശത്രുവിനെ സ്‌നേഹിക്കുവാന്‍ പറഞ്ഞാ സ്‌നേഹം;
മനുകുല പാപമാകെ വഹിച്ചവന്‍; പാതിരിയോ
സ്വയം പാപഹാരികളായ്, കടുംങ്കയ്യുമായ്!
5 പാതിരിയെ മെനയാത്തോന്‍ പാതിരിക്കു പീഢിപ്പിക്കാന്‍ 
മണവാട്ടി വൃന്ദം സ്വപ്‌നേ കണ്ടതുമില്ല!
സ്വര്‍ഗ്ഗത്തിലെ കര്‍ത്താവിനു ഭൂമിയിലോ മണവാട്ടി ?
കത്തനാരേ, കര്‍ദ്ദിനാളേ, പണി ചേലിലായ്.
6 ഏകനായി ജീവിക്കുവാന്‍ പാടില്ലെന്നു കരുതിയാ,
ഹവ്വായെ മെനഞ്ഞെഹോവാ, വിരള്‍ കടിച്ചു!
ശരിയെന്നു താനോര്‍ത്തൊരു നാരിയെ മെനഞ്ഞതിനാല്‍
മെനകേടിലായി ദൈവം, നാരി ശാപമായ് !
7 വിധവതന്‍ വീടുകളെ വിഴുങ്ങിയോര്‍ മടുത്തെന്നോ ?
ഇനി സൊദോം മോഡലാകാം ബിഷോപ്പരുളി !
കര്‍ത്താവിന്റെ മണവാട്ടി - പെരുവഴിയാശ്രമായ്;
നസറായനെല്ലം കണ്ടു - വരില്ല വീണ്ടും.
8 ഹോമോസെക്‌സ് പാതിരിക്കു കുത്തകയായ്, കേസ്സു തീര്‍ക്കാന്‍
കോടികളും പേറി പോപ്പന്‍ അലഞ്ഞു പാരില്‍;
ബ്രഹ്മജ്ഞാനമറിയാത്തോന്‍ ബ്രഹ്മചര്യം നടിച്ചാലീ
മെനകേടു ലോകം കാണും - തിരുത്തു കാനോന്‍.
9 ദേവദാസീ സമ്പ്രദായം കാലത്തില്‍ കൊഴിഞ്ഞപോലീ
കര്‍ത്താവിന്റെ മണവാട്ടി ഇല്ലാതെയായാല്‍,
അപ്പനാരെന്നറിയതെ അബ്രഹാമിന്‍ തലമുറ
ഭുവനേ നിറയുകില്ല - തിരുത്തു കാനോന്‍.
10 വരുമെന്നുരച്ചോന്‍ വീണ്ടും വരുന്നൊരാ നാളും കാത്തു
കോടി കോടി പ്രേതാത്മാക്കള്‍ ഗഗന വീഥീല്‍
ഗതികിട്ടാതലയുന്നു കാലമില്ലാക്കാലം വരെ,
പുനര്‍ജ്ജന്മം വേണമെന്ന മോഹവുമായി.
11 മനസ്സിനെ ഉയര്‍ത്തുവാന്‍ ഗുരുക്കളില്ലാതെ പോയി,
മനമുണര്‍ത്തുന്നവനെ അറിഞ്ഞുമില്ല;
അറിവാണവനെന്നുള്ളിന്നുള്ളറയില്‍, അറിവിനെ
അറിയാനറിവായ്, മനം പറുദീസയായ് !
12 അറിവാണെന്നാത്മ ജ്യോതി, അറിവുതാനാത്മ മോദം
ഇരുളെന്തെന്നറിയാത്ത പകലായ് മനം;
പകലോനും പ്രഭാപൂരം ചൊരിയുമാ പ്രകാശമെന്‍
ഇടനെഞ്ചില്‍ നിറഞ്ഞതാല്‍ പരമാനന്ദം !

കലഞ്ഞൂര്‍
24-05-2012

No comments:

Post a Comment

Note: only a member of this blog may post a comment.