Thursday 6 December 2012

ദൈവവും പള്ളിയും പുരോഹിതന്റെ സ്വകാര്യസ്വത്തല്ല

കലഞ്ഞൂര്‍
 09-08-2012                    സാമുവല്‍ കൂടല്‍

പുരോഹിതന്‍, മനുഷ്യനിര്‍മ്മിതി വേഷഭൂഷാധികളുടെ അനര്‍ത്ഥമാണ്. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍, കുബുദ്ധിമാന്‍ പുരോഹിതന്‍ എന്നതാണ് എല്ലാക്കാലവും സ്വാര്‍ത്ഥതയുടെ, ദൈവനിഷേധത്തിന്റെ, ചൂഷണത്തിന്റെ ഫോല്‍മുല. ആദമിനെ സൃഷ്ടിച്ച ദൈവം ഉടുതുണി അവനു കൊടുത്തില്ല. നഗ്നത തോന്നിയപ്പോള്‍ ആദിമന്‍ സ്വയം ഇലകള്‍കൊണ്ട് വസ്ത്രമുണ്ടാക്കി. ദൈവം മനുഷ്യനായി അവതരിച്ച് സ്വര്‍ഗ്ഗാരോഹണം ചെയ്യുംവരെ ഒരു കത്തനാരെയും കര്‍ദ്ദിനാളെയും വേഷം കെട്ടിച്ചുമില്ല. പിന്നെ ആരാണിവരെ ഉണ്ടാക്കിയത്. ചിന്തിക്കണം. കാലുവാരി രാഷ്ട്രീയക്കാരിലും അധമമായ സ്വാര്‍ത്ഥ മനസ്സുകളുടെ ജാഢവേഷമണിഞ്ഞ നീചജന്മങ്ങളാണ് പുരോഹിതവര്‍ഗ്ഗം. 
ദൈവം കാലാകാലങ്ങളായി കല്‍പ്പിച്ചു, കല്‍പ്പിച്ചു എന്ന പെരുംകള്ളം പെരുമ്പറ കൊട്ടിയ ഇവര്‍, ചിന്തിക്കുന്നത് തെറ്റാണെന്ന് ഒന്നാമതായി പഠിപ്പിച്ചു. ചിന്തിക്കാതെ ചുമ്മാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നത് വേദവാക്യമാക്കി ആരുടേയും മനസ്സില്‍ എഴുതിച്ചേര്‍ത്തു. വിശ്വസിക്കാത്തവന്‍ പാപി എന്നോരോ പുരോഹിതനും മതവും പറഞ്ഞുപരത്തി. എന്നാല്‍ പാവം മനുഷ്യന്‍ തന്റെ മനസ്സിന്റെ ചെസ്സ് ബോര്‍ഡില്‍ ഒരു പ്രാവശ്യം ഈ നാനാതരം പഠിപ്പീരുകളും നാനാവിധം സിദ്ധാന്തങ്ങളും പലവിധ ആചാരാനുഷ്ഠാനങ്ങളും നിരത്തിവച്ച് കളിച്ചു നോക്കിയിരുന്നെങ്കില്‍ വിശ്വാസം തോറ്റ് വിവേകം ജയിക്കുമായിരുന്നു. ആരും അതിന് മിനക്കെട്ടില്ല. മിനക്കെട്ടവരെ പുരോഹിതഗുണ്ടകള്‍ സി.പി.എം.മണി മുഴക്കിയതു പോലെ ചിലരെ വെട്ടിക്കൊന്നു, ചിലരെ തല്ലിക്കൊന്നു, ചിലരെ കല്ലെറിഞ്ഞുകൊന്നു, ചിലരെ കുരിശ്ശിലേറ്റി. അല്ലാതെ മരിച്ചവരെ സഹദാമാരാക്കി, പുണ്യവാളന്മാരാക്കി. അവരുടെ പേരില്‍ കുരിശ്ശടി തീര്‍ത്തു പടം വച്ചു താഴെ വഞ്ചിയും വച്ചു. മനുഷ്യന്റെ ഭക്തിയുടെ കണ്‍വേര്‍ഷന്‍ കാശായി, അല്ലറചില്ലറയായി അവിടെ വീണു. വലിയ ധനം നേടി ആഢംബരങ്ങള്‍ വാങ്ങി പുരോഹിതവൃന്ദം സുഖിച്ചു വാണു. പാവം ദൈവം മുകളിലിരുന്ന് ആദാമ്യരുടെ കേളികള്‍ കണ്ട് കോപിച്ചോ കരഞ്ഞോ ചിരിച്ചോ നാണംകെട്ടോ, ആര്‍ക്കറിയാം. മാലാഖമാരോടു ചോദിച്ചാല്‍ അവര്‍ ചിലപ്പോള്‍ നേരു പറഞ്ഞേക്കും. പക്ഷേ മാലാഖമാരുടെ ഭാഷ മനുഷ്യനറിയില്ലല്ലോ, സ്‌നേഹം! 
പുരോഹിതന്‍ സ്വയം ഇടയനായി. ഓട്ടോമാറ്റിക്കായി ജനം ആടുകളുമായി. പുരോഹിതന്‍ അരമനകളില്‍ ഇരുന്ന് കല്‍പ്പനകളും ഇടയലേഖനങ്ങളും പുറപ്പെടുവിച്ചു. അങ്ങനെ ദൈവകല്‍പ്പനകള്‍ ഇല്ലാതെയായി. മോശയുടെ സീനായിമലകയറ്റവും വൃഥാവിലായി! പത്തു കല്‍പ്പനകള്‍ക്കു പകരം ഇടയലേഖനങ്ങളും ദേവലോകത്തെ കല്‍പ്പനകളും സ്ഥാനമാനങ്ങള്‍ നേടി. കത്തിച്ച മെഴുതിരി പിടിച്ച അള്‍ത്താരബോയിയുടെ ആര്‍ഭാടത്തോടെ, ബിഷപ്പിന്റെ കല്‍പ്പന വായിക്കാന്‍ ശീലമാക്കി. ദൈവത്തിന്റെ ഉടയവനായ പുരോഹിതനെ ജനം എന്നും ഭയന്നു. അനുസരിച്ചു. പാപങ്ങള്‍ അവനോടു തുറന്നു പറഞ്ഞു കുമ്പസരിച്ചു. ഈ തക്കം നോക്കി ചൂഷണങ്ങള്‍ പലതരം മുഖം കാണിച്ചു. സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള സ്വാര്‍ത്ഥമോഹം കാരണം ആടുകള്‍ സ്വയം അടിമപ്പട്ടം സ്വീകരിച്ചു. വിദ്യാഭ്യാസത്തിലും വിവരത്തിലും വിവേകത്തിലും മനസ്സിന്റെ സംസ്‌ക്കാരത്തിലും തന്നെക്കാള്‍ എത്രയോ താഴെയാണ് ഈ പുരോഹിതന്‍ എന്നറിഞ്ഞിരുന്നിട്ടും ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം പ്രഖ്യാപിച്ച പുരോഹിതനെ ജനം ദിവ്യത്വം കൊടുത്താരാധിച്ചു. 
ഒന്നിച്ചുകൂടാന്‍ ഒരിടം വേണം. ഒരാരാധനാലയം ജനം വിയര്‍പ്പൊഴുക്കി പണിതു. കൂദാശ ചെയ്യാന്‍ എത്തിയ പുരോഹിതന് ആ ജല്‍പ്പനത്തിന്റെ കൂലി കൊടുത്തതോടൊപ്പം പള്ളി തീറെഴുതിയും കൊടുത്തു. പള്ളിക്കു സ്വത്തായി ആടുകളുടെ ചോരയൂറ്റി വീണ്ടും ആതുരാലയങ്ങളും പള്ളിക്കൂടങ്ങളും മുട്ടിനു മുട്ടിനു കുരിശ്ശടിയും പുരോഹിതന്റെ വ്യവസായസ്ഥാപനങ്ങളായി. പുണ്യവാളന്മാരുടെ പടത്തിനു കീഴില്‍ സമര്‍പ്പിച്ച പണമെല്ലാം പാതിരി മുതല്‍ക്കൂട്ടി, പുണ്യാളന്‍ കണ്ടതേയില്ല ! മടുത്തില്ലേ പുരോഹിതാ ഈ പണക്കൊതി ?
എങ്കില്‍ കാലഘട്ടത്തിനനിവാര്യമായ ഒരു നന്മ ചെയ്യൂ കാശും കീശയിലേറും. മനുഷ്യമനസ്സിന്റെ മലിനതകള്‍ മാറ്റി ആത്മീയ സംസ്‌കാരത്തില്‍ അവനെ ഉയര്‍ത്താന്‍ നിങ്ങള്‍ക്കിതുവരെ കഴിഞ്ഞില്ല സത്യം. ക്രിസ്തുവിന്റെ അണ്‍കണ്ടീഷണല്‍ ലൗ, നീ നിന്നെ സ്‌നേഹിക്കുന്നതപോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്ക എന്ന സ്റ്റേജ് ഓഫ് മൈന്‍ഡിലേക്ക് രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും ഒരു മനസ്സുയര്‍ത്താന്‍ കഴിയാതെ പോയ പൗരോഹിത്യമേ, സഭകളേ, നാട്ടില്‍ തമ്മിലടിക്കാന്‍ നാനുറു പള്ളികള്‍ തീര്‍ക്കാതെ ഓരോ ഗ്രാമത്തിലും ഓരോ സഭയും ഓരോ മാലിന്യസംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചാല്‍ റേറ്റ് കുറഞ്ഞ ഇടങ്ങളിലേക്ക് മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടും. മതം മാറിവരുന്നവര്‍ക്ക് കുറേക്കാലം ഫ്രീ സേവനവും കൊടുക്കാം.(പിന്നീട് ഇരട്ടിക്കാശും വാങ്ങാം). കത്തനാരും കപ്യാരും യൂണിറ്റില്‍ പണിയെടുക്കട്ടെ. മെത്രാനും കര്‍ദ്ദിനാളും നോക്കുകൂലി വാങ്ങട്ടെ. പോപ്പിനും പാത്രിയര്‍ക്കീസിനും അവരാവശ്യപ്പെടുന്ന ചുങ്കം കൊടുക്കാം. പുതിയ പുണ്യാളന്മാരെ അവര്‍ ചുങ്കം വാങ്ങി ഉണ്ടാക്കിത്തരുമല്ലൊ! നാറ്റമില്ലാത്ത കേരളത്തില്‍ നസറായന്‍ ചിലപ്പോള്‍ വീണ്ടും വന്നേക്കാം. സ്‌തോത്രം. 



No comments:

Post a Comment

Note: only a member of this blog may post a comment.