Thursday 6 December 2012

സ്വപ്നം

           സാമുവല്‍ കൂടല്‍
1. ജോസഫുതന്‍ സ്വപ്നം പോലെ ഞാനുമോരു സ്വപ്നം കണ്ടേ!
ഇതു സത്യമായാല്‍ കാലം കലിതുളളുമേ. . .
ഒരുപറ്റമച്ചായന്മാര്‍ പലവേഷധാരികളായ്
മുഴക്കുന്നു മുദ്രാവാക്യം ഭരണത്തിനായ്.
2. ശുഭ്രവസ്ത്രധാരികളായ് ക്ലീന്‍ഷേവ് ചെയ്‌തോരെല്ലാം
വേദപുസ്തകവുമേന്തി സൂത്രം പാടുന്നു;
കുപ്പായക്കാര്‍ പലതറി, ഗ്രൂപ്പുകളില്‍ കലഹമായ്,
അനന്തപുരിയില്‍ ജനം വിരണ്ടുമേവി!
3. തലസ്ഥാന ബാവാ, കാലേ പത്തു സീറ്റ് ചോദിച്ചുപോയ്
കോട്ടയത്തിനേഴുമതി, മൂവറ്റുപഴയ്ക്കും.
ലത്തീനെട്ടുവേണം തിട്ടം, കുമ്പനാട്ടെ ദൈവദാസര്‍
ആറില്‍കുറഞ്ഞാറുകില്ല, ചാനലുണ്ടുപോല്‍!
4. സീറോമലബാറോ, സീറോ രണ്ടിന്‍കൂടെ ചേര്‍ത്തുവേണം
ളോഹയില്ലാത്തിടയന്മാര്‍ വേറെയേറെയായ്.
നൂനപക്ഷമാണെന്നാലും സീറ്റില്‍ പാതി പോരാ, പോരില്‍
സ്‌തോത്രം പോയ്, രാഷ്ട്രീയത്തിന്‍ സൂക്തങ്ങള്‍ നാവില്‍!
5. കേട്ടുനിന്ന ഹിന്ദുമൈത്രി നാരായണം ജപിച്ചുപോയ്,
പച്ചക്കൊടി കാട്ടിയോര്‍ക്കോ ഒച്ചയടച്ചു!
ഏതുവിധം വീതം വെയ്ക്കും? സീറ്റ് ചര്‍ച്ച നീണ്ടു പോയി
ബിഷോപ്പന്മാര്‍ ചാനല്‍തോറും വിലപേശലായ്.
6. ജീവിതത്തിന്നങ്ങാടിയില്‍ തോറ്റ ചില പാഴ്ജന്മങ്ങള്‍
പളളിയില്‍ കയറി ളോഹക്കുളളിലായെന്നോ?
'സീസര്‍ക്കുളളതതുവേറെ ദൈവത്തിനുവേറെയെന്ന്'
നസറായന്‍ മൊഴിഞ്ഞതോ പഴഞ്ചൊല്ലുമായ്.
7. കഴുതമേലേറിയോനെ കളിയാക്കാന്‍ മെര്‍സിഡീസും
കുരിശിലെ സ്‌നേഹം വിറ്റു നിങ്ങള്‍ വാങ്ങുമ്പോള്‍,
വിറയ്ക്കുന്നു മാലാഖമാര്‍ ഭയക്കുന്നു സാത്താന്‍പോലും
കാശുവീഴാന്‍ കുരിശടി പണിയുവോരേ. . .
8. യുണിഫോമില്‍ ബിഷോപ്പന്മാര്‍ ദൈവവേല ചെയ്യേണ്ടുന്നോര്‍
തറവേല രാഷ്ട്രീയത്തിന്നോട്ടു പിടിച്ചാല്‍,
ആട്ടിന്‍ക്കിട വോട്ടുബാങ്ക് ഗ്രൂപ്പുകള്‍ക്കു വിറ്റാലച്ചന്‍
അതും യൂദാപ്പണി, ഈശോ ക്രൂശിലേറുമേ. . .
9. നേട്ടങ്ങളെ കൊയ്യുവാനായ് വോട്ടുകച്ചവടം ചെയ്യും
നാണമില്ലാത്തോരേ, ജനം അടിമയല്ല!
പൗരബോധമില്ലാത്തോരേ, വോട്ടു വെറും നോട്ടല്ലെന്നും
ആത്മഹര്‍ഷമേകും ജന്മാവകാശമാണോട്ട്!
10. ഇടയലേഖനത്തിന്മേല്‍ മനംകാറി തുപ്പി ജനം!
സാക്ഷരമലങ്കരയേ, ജയിക്ക നീണാള്‍. . .
അഹം ബ്രമ്മമെന്നു ചൊല്ലൂ, തത്വമസി ഉരുവിടൂ,
ഇനി ഗീത ഗീതമാക്കൂ ഹല്ലേലുയായും. . . 
കലഞ്ഞൂര്‍
12-03-2011

No comments:

Post a Comment

Note: only a member of this blog may post a comment.