Saturday 8 December 2012

മനനമില്ലാ മനസ്സുകള്‍ (വിശ്വാസികള്‍)

          സാമുവല്‍ കൂടല്‍
1. ഒന്നായ നിന്നെയിഹെ രണ്ടെന്നു കണ്ടതിനാല്‍
ഉണ്ടായൊരിണ്ടലീ സഭകളെല്ലാം;
പള്ളിക്കലഹം മുതലെടുക്കാനെത്തി
നിണംനക്കി രാഷ്ട്രീയ നരനായുകള്‍!
2. ഇതു ചോരക്കളിയെന്നു കരുതാതെ വൈദീകര്‍
ഗതിയറിയാവെറും കുരുടവൃന്ദം,
മനനമാമുള്‍ക്കണ്ണു കുരുടിയ മനുജരെ
വഴിനയിച്ചു ശോകക്കുഴിയില്‍ വീഴാന്‍.
3. ആത്മജ്ഞാനത്തില്‍ മനം സ്‌നാനമേറ്റതാല്‍
ആനന്ദസീയോന്‍ അണയേണ്ടവര്‍,
അറുകൊലച്ചീങ്കണ്ണി മുകളിലെ മുയലുപോല്‍
മരണമാം ചുഴിയിലേക്കൊഴുകി വീഴും.
4. കത്തനാരും മൂത്തമെത്രാനും ചൊന്നപോല്‍
'അവനെ കുരിശിക്കാന്‍'' ആര്‍ത്തജങ്ങള്‍!
ഒരുവായും മൊഴിയീല 'അരുതേ'' യെന്നൊരുനാളും,
ബറബാസിനെ വേണം കര്‍ദ്ദിനാള്‍ക്ക്!
5. കുരിശിക്കുവാനൊരു കാരണം കാണാതെ 
വൈദികര്‍ ചൊന്നപോല്‍ ആര്‍ത്തജനം,
മനുഷ്യാവതാരത്തെ ക്രൂശേറ്റി! ദൈവത്തെ
എന്നും ഭരിക്കും പുരോഹിതര്‍ക്കായ്!
6. താനും പിതാവുമദൈ്വതം, താന്‍ താതന്റെ
പൊന്നോമനപുത്രനെന്നുമോതി, 
സ്‌നേഹം വിതച്ച മശിഹായ്ക്കു ളോഹകള്‍
മുള്‍ക്കിരീടം നിന്ദ മൃത്യുവേകി.
7. ബ്രഹ്മജ്ഞാനത്തിന്റെ ബാലവിദ്യാലയം
കാണാത്ത ളോഹകള്‍ വേദമോതി!
വേദം നശിച്ചു! ജനമെന്നുമജസമം 
വേദാന്തം ആത്മഹത്യക്കിരയായ്!
8. പള്ളിയില്‍ പോയാക്കുരടര്‍ക്കടിമയായ്
തീരരുതെന്നേശു ഓതിയെന്നാല്‍,
'കേള്‍പ്പാന്‍ ചെവിയുള്ളോര്‍''കാശിനുമില്ലാതായ്
കോടി പരകോടി മൂഢജന്മം!
9. പള്ളി മനസ്സിന്‍ ജയിലാണ,് കത്തനാര്‍
വാര്‍ഡനാമെത്രാന്‍ ജയിലൈജിപോല്‍!
സത്യമുരച്ച ഗലീലിയോയെ കൊന്ന 
പോപ്പുമാര്‍, കര്‍ദ്ദിനാള്‍, പാസ്റ്റര്‍ മന്ത്രി!
10. 'മൊത്തത്തില്‍ വിഢിത്തം ഞങ്ങള്‍ക്കുഫാഷനായ്',
പൈതൃകം താണ്ടും പടുവഴിയേ 
ചിന്തയില്ലാമടിയന്മാര്‍ മനസ്സിനെ 
ചുമ്മാതെ വച്ചു നടന്നിരുട്ടില്‍!

കലഞ്ഞൂര്‍, 07-03-2012



No comments:

Post a Comment

Note: only a member of this blog may post a comment.