Saturday 2 June 2018

ജ്ഞാനസ്നാനം ! 

സകലതുമറിയുമൊരറിവായി നീയെന്നുള്ളിൽ 
നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ; 
സകലവുമറിയും നീ നിജ നിത്യ ചൈതന്യമായ്
നിറഞ്ഞു നിൽക്കുമെന് ജീവൻ അമൃതനുമായ്!

അറിവിനെ അറിയുവാൻ മനസിനെ ഉണർത്തുമെന് 
ഉണർത്തുപാട്ടായ് ഉള്ളിൽ മരുവുവോനേ, 
ഉണരുമെൻ മനസിലായ് ഉദിക്കുമീ കദനങ്ങൾ
ഉരുക്കി, ആനന്ദ മന്നാ പൊഴിക്കുവോൻ നീ !

മനസുതൻ വാസനയാം കരുക്കളിൽ മെനയുമീ 
സുഖദുഃഖമെന്നും മായ, മനസ്സു നിത്യം ;
മനസ്സിനു ജീവൻ നൽകി പുലർത്തുമെൻ ചൈതന്യമേ,
മനസ്സു മെനഞ്ഞ നിന്നിൽ ലയിക്കും മനം!  

മനസ്സു നിന്നിൽ ലയിച്ചാൽ ''അഹം'' പോയി,''നീ'' ആയി ഞാൻ;
''അഹം ബ്രഹ്മം'' എന്ന സൂക്തം മനസ്സു പാടും;
''തത്വമസി'' എന്നുമെന്നിൽ നാദബ്രഹ്മമായ് മേവും,
വചനം ജഡമായൊനേ, ഞാൻ നിൻ വചനം!

വചനം ഉണരുന്നത് മനസ്സിൽ നിന്നതു സത്യം,
വചനം ഉൾകൊള്ളുവോനും മനസ്സു മാത്രം;
വചനമാം തിരുനാവിൽ ഒഴുകിയ സ്നേഹമാകും 
നദിയതിൽ സ്നാനം ചെയ്യാൻ കൊതിച്ചെൻ മനം!

സ്നേഹനദീ പുളിനത്തിൽ ജ്ഞാനസ്നാനം ചെയ്തഹമേ
''നീ'' എന്നറിഞ്ഞാനന്ദിപ്പോൻ അമൃതനെന്നും;
സുഖദുഃഖ വിചാരങ്ങൾ, ശത്രുമിത്ര ബന്ധം പോയി, ജനനമരണമില്ലാതലിയും നിന്നിൽ! 

ആഗ്രചർമ്മം ഛേദിച്ചാലും, മൂറോൻ മേനീൽ പൂശിയാലും
പാസ്റ്റർ ആറ്റിൽ മുക്കിയാലും കാശു കീശയിൽ;
ആത്മജ്ഞാന സലിലത്തിൽ സ്നാനം ചെയ്യുകോരോ മനം 
ജ്ഞാനസ്നാനമേറ്റു നിത്യം ഈശനിൽ വാഴാൻ! 
   
samuelkoodal 02  ജൂൺ 2018   mob 9447333494
     
    

No comments:

Post a Comment

Note: only a member of this blog may post a comment.