Friday 15 June 2018

സാമുവലിന്റെ സുവിശേഷത്തിൽ ഒന്നാം വാല്ല്യത്തിൽ ഞാൻ എഴുതിയ അവതാരിക പ്രസിദ്ധീകരിച്ചിരുന്നു. അത്യപൂർവമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ച ഗ്രന്ഥകർത്താവിനെ എത്രമാത്രം പ്രശംസിച്ചാലും മതിയാവില്ല. പുസ്തകത്തിന്റെ രണ്ടാം വാല്യം പ്രസിദ്ധീകരിക്കുന്ന ശ്രീ സാമുവലിന് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവ കടാക്ഷങ്ങൾ നിത്യവും അങ്ങയുടെ തൂലികയെ ശക്തമാക്കട്ടെയെന്നു അഭിലഷിക്കുന്നു.

ഒരു സ്വതന്ത്ര വിപ്ലവകാരിയായ സാമുവലിന്റെ സുവിശേഷത്തിലുടനീളം യേശുവിന്റെ ചൈതന്യമാണ് പ്രസരിക്കുന്നത്. കള്ളന്മാരും കൊള്ളക്കാരും ദൈവക്കച്ചവടക്കാരും കാമഭ്രാന്തന്മാരായ പുരോഹിതരും അധിവസിക്കുന്ന ദേവാലയത്തിന്റെ നഷ്ടപ്പെട്ടുപോയ പ്രതാപത്തെയും പരിശുദ്ധിയേയും വീണ്ടെടുക്കുകയെന്ന സന്ദേശവും ഈ സുവിശേഷം നൽകുന്നു. ശ്രീ സാമുവൽ വലിയൊരു പ്രവാചക ദൗത്യം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. വിമർശനങ്ങളുടെ അഗ്നികൂപത്തിൽ ചുട്ടു പഴുത്ത ദൃഢമായ ഒരു മനസാണ് അദ്ദേഹത്തിനുള്ളത്. ഭീരുവിനെപ്പോലെ തിരിഞ്ഞോടരുതെന്നുള്ള ഭഗവാൻ ശ്രീ കൃഷ്ണന്റെ അർജുനനോടുള്ള ഉപദേശം സുവിശേഷകനായ സാമുവൽ അക്ഷരം പ്രതി പാലിക്കുന്നുമുണ്ട്.

അധർമ്മത്തെ നേരിടാൻ ധർമ്മം ജയിക്കാൻ കൃഷ്ണഭഗവാൻ നൽകിയ സാരോപദേശം തന്നെയാണ് സാമുവലും സ്വീകരിച്ചിരിക്കുന്നത്. ഗീതയിലെ ആത്മസത്തയും ബൈബിളിലെ സത്യവചനങ്ങളും അദ്ദേഹം നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്നു. ബൈബിളും ഗീതയും ഹൃദ്യമാക്കിക്കൊണ്ട് സത്യമായ ക്രിസ്തുവിനെ പുത്തനായ ഒരു കാലത്തിന്റെ സുവിശേഷത്തിൽക്കൂടി സുവിശേഷകൻ ഇവിടെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്. ഗീതയിൽ അകക്കണ്ണുകൾക്കൊണ്ട് അഹംബോധത്തെ കാണുമ്പോൾ ബൈബിളിൽ ‘ഞാനും പിതാവും ഒന്നാണെന്നു’ള്ള ക്രിസ്തു തത്ത്വം ഉച്ചത്തിൽ വിളിച്ചുപറയുന്നുമുണ്ട്. 

സ്വതന്ത്രമായ കാഴ്ചപ്പാടിൽ സത്യവും മിഥ്യയും വേർതിരിച്ച് സത്യത്തെ അന്വേഷിക്കുന്നവർക്ക് ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. ഒരോ വായനക്കാരന്റെയും മനസ്സിൽ സാമുവലിന്റെ സുവിശേഷം ഒരു പ്രതിരൂപമായി, പ്രതിച്ഛായയായി നിത്യം നിഴലിക്കുകയും ചെയ്യും. പുരോഗമനപരമായി ചിന്തിക്കുന്ന ഏവർക്കും അദ്ദേഹത്തിൻറെ ഈ പുസ്തകം ഒരു വഴികാട്ടിയുമായിരിക്കും. ശ്രീ സാമുവലിന് എന്റെ എല്ലാവിധ വിജയാശംസകളും നേരുന്നു.   

ജോസഫ് പടന്നമാക്കൽ  

No comments:

Post a Comment

Note: only a member of this blog may post a comment.