Monday 18 June 2018

അവതാരിക ; സാമുവേലിന്റെ സുവിശേഷം രണ്ടാം ഭാഗം
                                                                                                  പി.കെ.ഗോപി

ആഭാസങ്ങൾക്കെതിരെ തുറന്ന പോരാട്ടം !                .

''ലോകത്തിന്റെ പ്രകാശം ഞാനാകുന്നു'',എന്ന ദർശനമൊഴി  
 വളച്ചൊടിച്ച്  ,  അതിനാൽ നീ അന്ധകാരമാകുന്നു എന്ന് പ്രതിവചിച്ചാൽ അതാണ് ശാപം.   അറിവിന്റെ നേരെയുള്ള ആക്രമണം!

എന്റെ അറിവ് ,നിന്റെ അറിവ്,അവന്റെ അറിവ്...ഇവയൊക്കെ ആപേക്ഷികമായ അനുമാനങ്ങളിൽ , സ്വന്തം  പാത്രത്തിന്റെ വ്യാപ്തി അനുസരിച്ചു കോരി നിറയ്ക്കുന്ന സംവാദഭാഷണമാവാം.  സമചിത്തതയോടെ പ്രപഞ്ചത്തെയും കാലത്തെയും ജീവിതത്തെയും പഠിക്കാൻ ശ്രമിക്കുന്ന ഒരാൾ പരിമിതികളെ ബോധ്യപ്പെട്ടു മാത്രമേ  അന്വേഷണപാത തെളിക്കുകയുള്ളൂ .   കല്ലും മുള്ളും അവർക്ക്‌ , എനിക്ക് പൂവും മണവും എന്ന സ്വാർത്ഥചിന്ത ആധിപത്യം സ്ഥാപിച്ചുവെന്നാൽ അയാളിലെ അന്വേഷകൻ പ്രാരംഭത്തിലേ പരാജയപ്പെട്ടു പോകും.  അതുകൊണ്ടാണ് അന്ത്യം വരെ വേദനയുടെ സർവാനുഭവങ്ങളും സ്വയം ഏറ്റെടുത്തു ക്രൂശിതനാകാൻ യേശു തയ്യാറായത്.

സത്യം കൈവിട്ട്,   ധനം കയ്യാളുന്ന സഭകളുടെ  പൗരോഹിത്യാധികാരത്തെ എങ്ങിനെ തിരുത്താനാവുമെന്നത് കേവലം ആത്മീയഭാഷണത്തിൽ ഒതുങ്ങുന്നതല്ല.  വ്യക്തമായ രാഷ്ട്രീയ -സാമൂഹ്യബോധം കൂടി ചേർന്നു നിന്നുള്ള പരിഷ് കരണ പ്രക്രിയ    മാത്രമേ ഫലം കാണുകയുള്ളൂ.  കലഹമോ രക്തച്ചൊരിച്ചിലോ അധികാരവടംവലിയോ നിയമയുദ്ധമോ നിരന്തരം അരങ്ങേറുമെന്നല്ലാതെ മഹാസത്യത്തിന്റെ മാനുഷികദര്‍ശനത്തിനു അവിടെയൊന്നും പങ്കുണ്ടാവുകയില്ല.  

''നിങ്ങൾ കപടഭക്തിക്കാരെപ്പോലെ പ്രാർത്ഥിക്കാൻ പള്ളികളിൽ പോകരുതേ''എന്നത് നിയമപാലകർ മുമ്പോട്ടുവച്ച നിബന്ധനയല്ല.  .അആത്മശുദ്ധിയുടെ സ്വതന്ത്രവാതായനങ്ങൾ തുറന്നിടാനുള്ള എളിമയും ധീരതയുമുള്ള പ്രവചനമാണ്. അത് പള്ളിക്കെതിരെയുള്ള ആഹ്വാനമല്ല.  പള്ളി എങ്ങിനെ പവിത്രമാകണമെന്ന പരമാർത്ഥവിളംബരമാണ്.  ലോകത്തെവിടെയും അങ്ങിനെയുള്ള മറുമൊഴികളും തിരുമൊഴികളും അധികാരമൊഴികൾക്കു ബദലായി ഉയർന്നു കേൾക്കാറുണ്ട്.കലഹമൊഴിയായി അതിനെ തള്ളിക്കളയരുതേ ;കാവ്യമൊഴിയായി സ്വീകരിക്കണേ എന്നാണെന്റെ പ്രാർത്ഥന!

ഉത്തമസങ്കീർത്തനങ്ങളിൽ നിന്ന് വഴിതെറ്റിപ്പോകുന്ന മതാത്മക മേലങ്കികളെ ചൂണ്ടി '' ഇതല്ല , സത്യത്തിന്റെ മുഖഭാവമെന്നു '' പറയാൻ ധീരത പ്രകടിപ്പിക്കുന്ന പഠിതാവാണ്‌ സാമുവേൽ കൂടൽ  എന്ന് ഞാൻ മനസിലാക്കുന്നു.''സൃഷ്ടിയിൽ മകുടം മനുഷ്യൻ''എന്നറിയാവുന്ന എഴുത്തുകാരന് പാഠഭേദങ്ങളെപ്പറ്റി പറയാൻ അർഹതയുണ്ട്.  മനുഷ്യോചിതമല്ലാത്തതിനെ തിരുത്താനുള്ള ആവേശത്തിൽ അയാൾ വാക്കുകളുടെ മാർദ്ദവം മറന്നുപോകും.  ശരം പോലെ തറയ്ക്കുന്ന  എതിരൊലികളാൽ സാമുവേലിന്റെ ജീവിതചര്യ നിറഞ്ഞിരിക്കുന്നു.  വേദസാരങ്ങളിൽ മുങ്ങിനിവർന്നു ഭേദവിചാരങ്ങളുടെ യുദ്ധഭൂമിയിൽ നിന്ന് എങ്ങിനെ കരകയറണമെന്നു ശ്രീ.സാമുവേൽ ബോധ്യപ്പെടുക തന്നെ ചെയ്യുമെന്നെനിക്കറിയാം.     അതിനുള്ള കരുക്കൾ പഠനമുറിയിൽ സജ്ജീകരിച്ചുവയ്ക്കാതെ  ഒരാൾ അത്യന്തം അപകടകരമായ ഈ ബൗദ്ധികപ്പോരാട്ടത്തിനിറങ്ങാനിടയില്ല.  

സഭയുടെ ആഭാസാചാരങ്ങളെ തിരുത്തുകയും അതിന്റെ ആസക്തിക്കോമാളിത്തങ്ങളെ തുറന്നുകാട്ടുകയും ചെയ്യുന്നത്  പാപമല്ല.  'സിംഹത്തിന്റെ മടയിൽ കയറി അതിനെ ആക്രമിക്കുന്ന' സാഹസികതയ്ക്കു വേണ്ടി ആയുസിന്റെ നല്ലൊരുഭാഗം നീക്കിവച്ച വ്യക്തിയെന്ന നിലയിൽ നവമാധ്യമസങ്കേതങ്ങളിൽ നിത്യവും സാമുവേൽ തന്റെ സുവിശേഷവുമായി നിറയുന്നു.  നിരീക്ഷണങ്ങൾ അച്ചടിക്കുന്നു, പ്രചരിപ്പിക്കുന്നു, അഭിപ്രായങ്ങൾ   ശേഖരിക്കുന്നു. അവയ്ക്കു വായനക്കാരും പ്രതികരണക്കാരുമുണ്ടാകുന്നു.  ചലനാത്മകമായ ഒരു സാംസ്കാരിക പ്രവർത്തനമായി ഞാനതിനെ  വിലയിരുത്തുന്നു.   

അപ്രിയസത്യങ്ങൾ ഉറക്കെപ്പറയാനുള്ള ഉദ്യമം ആരോഗ്യകരമായ ചർച്ചകൾക്ക് വഴിതുറക്കട്ടെ എന്നുമാത്രം ആശംസിക്കുന്നു .  വിശ്രമമില്ലാത്ത ഈ അഭിപ്രായപ്രവാഹം ലോകത്തിന്റെ  വ്യത്യസ്ത ഭാഗങ്ങളിൽ സമാനചിന്താഗതിക്കാരെ കോർത്തിണക്കാൻ പര്യാപ്തമാണ്.  ധിക്കാരത്തോടെയല്ല,അങ്ങേയറ്റം ആത്മശുദ്ധിയോടെ, ആദരവോടെ നിത്യവും ഉച്ചരിക്കുക.... തനിക്കു വേണ്ടി പൂർണ്ണമനസ്സോടെ : ''ലോകത്തിന്റെ പ്രകാശം ഞാനാകുന്നു!".       .
                                                                  18  ജൂൺ 2018 ,  പി .കെ .ഗോപി 

No comments:

Post a Comment

Note: only a member of this blog may post a comment.