Monday 25 June 2018

ആമുഖം                                                              ഷൗക്കത്ത്,ഗുരുകുലം , 

ഗുരു നിത്യ തന്റെ ജന്മസ്ഥലമായ കോന്നിയിലെ വകയാറിൽ താമസിക്കുമ്പോൾ ഗുരുവിനടുത്ത് സ്നേഹത്തോടെ ഒട്ടിയിരുന്ന് തന്റെ ഗാനങ്ങൾ ലയിച്ചിരുന്ന് പാടിക്കൊടുക്കുന്ന സാമുവലച്ചായനെ ഓർക്കുന്നു. പിന്നീട് ഗായകനായ മകനെക്കൊണ്ട് ആ വിപ്ലവകരവും കാവ്യാത്മകവുമായ ഗീതങ്ങൾ പാടിച്ച് വിശദീകരിച്ചതും മറക്കാനാവില്ല.

ഗുരുവിന് അത്രയും വാത്സല്യമായിരുന്നു അദ്ദേഹത്തോട്. ഒരു മകന് അച്ഛനോടെന്ന പോലുള്ള അടുപ്പമാണ് അച്ചായന്  ഗുരുവിനോടുണ്ടായിരുന്നത്.

ഗുരുവിനൊപ്പവും അല്ലാതെയും സാമുവലച്ചായന്റെ വിട്ടിൽ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും  സ്നേഹവും വാത്സല്യവും ആവോളം നുകർന്നിട്ടുമുണ്ട്. 

വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധത അദ്ദേഹത്തെ കർക്കശ സ്വഭാവക്കാരനാക്കുന്നുവെങ്കിലും പറയുന്ന ഭാഷ അല്പം കടുകടുപ്പമാണെങ്കിലും ആ പ്രതികരണങ്ങളിൽ ആളുന്ന അഗ്നിയെ നമുക്ക് അവഗണിക്കാനാവില്ല. മതവും പൗരോഹിത്യവും അത്രമാത്രം മനുഷ്യജീവിതത്തെ ഗുണത്തേക്കാളേറെ ദോഷമായി ബാധിക്കുമ്പോൾ അച്ചായനെപ്പോലുള്ള സാന്നിദ്ധ്യങ്ങൾ നമുക്കത്രമാത്രം അത്യാവശ്യമാണ്. രാജാവ് നഗ്നനെന്നു വിളിച്ചു പറയാൻ ധീരരായ നിഷ്ക്കളങ്ക ഹൃദയങ്ങൾ നമുക്കുണ്ടായേ മതിയാവൂ.

ഇന്ന് രാവിലെ അച്ചായനെ ഓർത്തു. അപ്പോൾ തന്നെ വിളിച്ചു. അദ്ദേഹത്തിന്റെ കുറിപ്പുകളും പ്രഭാഷണങ്ങളും ഇടയ്ക്കിടെ കേൾക്കാറുണ്ടായിരുന്നു. സംസാരത്തിനിടയിൽ മോൻ ഒരു കുറിപ്പെഴുതി തരൂ. എന്റെ പുസ്തകത്തിൽ ചേർക്കാനാണ്. പെട്ടെന്ന് എഴുതിത്തരണം എന്നും പറഞ്ഞ് ഫോൺ വെച്ചു.

പുസ്തകം വായിച്ചിട്ടില്ല. അദ്ദേഹം എഴുതുകയും പറയുകയും ചെയ്ത കുറിപ്പുകളുടെ സമാഹാരമാകും. കച്ചവടവൽക്കരിക്കപ്പെട്ട, മനുഷ്യഹൃദയത്തെ ചൂഷണം ചെയ്യുന്ന  മതത്തെയും പൗരോഹിത്യത്തെയും (ഈ വിഷയത്തിൽ എല്ലാ മതവും ഒന്നു തന്നെ ) സാമുവലച്ചായൻ തന്റെ ഇരുതലമൂർച്ചയുള്ള വാൾകൊണ്ട് കീറി മുറിക്കുമ്പോൾ നമുക്ക് വേദനിക്കുക തന്നെ ചെയ്യും. വേദനയിൽ നിന്നേ വേദമുണ്ടാകൂവെന്ന സത്യം ഓർത്തുകൊണ്ട് ഈ നോവിനെ നമുക്ക് നെഞ്ചേറ്റാം. അത്രമാത്രം മാറ്റം അത്യാവശ്യമായിരിക്കുന്ന മേഖലയായി മത ആത്മീയ കേന്ദ്രങ്ങൾ മാറിയിരിക്കുന്ന ഇക്കാലത്ത് ഈ നോവ് നമുക്ക് വേണ്ടതു തന്നെയാണ്. ഒരു മാറ്റം അത്രയും അത്യാവശ്യം തന്നെയാണ്.


എല്ലാ സ്നേഹത്തോടെയും
ആദരവോടെയും

സ്വന്തം
ഷൗക്കത്ത് കോയമ്പത്തൂർ 25 ജൂൺ 2018

No comments:

Post a Comment

Note: only a member of this blog may post a comment.